പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചു വിവാഹ ഹാൾ ഉടമക്ക് വൻ പിഴ
text_fieldsകുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ച വിവാഹ ഹാൾ ഉടമക്ക് 500 ദീനാർ പിഴ. കഴിഞ്ഞ ദിവസം റാഖ ഏരിയയിലാണ് സംഭവം. കുവൈത്ത് മുനിസിപ്പാലിറ്റിയാണ് പിഴ ചുമത്തിയത്. വിവാഹ ഹാൾ ഉടമയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവ് അദ്ദേഹത്തിൽനിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
മാലിന്യം ഉപേക്ഷിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിവാഹ ഹാളുകളിൽനിന്ന് ഇത്തരം നടപടികൾ ഉണ്ടാകുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത്തരം അശ്രദ്ധ ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊതുസ്ഥലങ്ങളിൽ ശുചിത്വം നിലനിർത്താൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

