തോമസ് കെ. തോമസിെൻറ ജയത്തിൽ ആഹ്ലാദം കുവൈത്തിലും
text_fieldsതോമസ് കെ. തോമസ്
കുവൈത്ത് സിറ്റി: കുട്ടനാടിെൻറ ശബ്ദമായി തോമസ് കെ. തോമസ് നിയമസഭയിലെത്തുേമ്പാൾ കുവൈത്ത് പ്രവാസികൾക്കും ആഹ്ലാദം. മുൻ കുവൈത്ത് പ്രവാസിയായിരുന്നു അദ്ദേഹം. കുവൈത്ത് ചാണ്ടി എന്നറിയപ്പെട്ടിരുന്ന മുൻ മന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ മരണത്തോടെ അദ്ദേഹത്തിെൻറ കുടുംബത്തിൽനിന്നുതന്നെ ആരെങ്കിലും സ്ഥാനാർഥിയായി വരണമെന്ന് എൻ.സി.പിയിൽ നിർദേശം ഉയർന്നു. തുടർന്ന് സഹോദരനായ തോമസ് കെ. തോമസിന് നറുക്ക് വീഴുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചപ്പോൾ പൊതുതെരഞ്ഞെടുപ്പിലായി നിയോഗം എന്ന് മാത്രം. കുവൈത്തിൽ ദീർഘകാലം പ്രവാസിയായിരുന്ന തോമസ് കെ. തോമസ് അബ്ബാസിയയിലെ ഹൈഡൈൻ റസ്റ്റാറൻറ്, ഹൈഡൈൻ സൂപ്പർ മാർക്കറ്റ് ഉടമ എന്ന നിലയിൽ ഹൈഡൈൻ തോമസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ പ്രവാസികളുടെ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനുമായി ഉണ്ടായിരുന്ന ബന്ധം അദ്ദേഹം ഇതിന് ഉപയോഗപ്പെടുത്തി.
2017 മുതൽ സ്ഥിരമായി നാട്ടിലാണെങ്കിലും ഇഖാമ നിലനിർത്താനായി കുവൈത്തിൽ വന്നുപോകാറുണ്ട്. കോവിഡ്കാല നിയന്ത്രണങ്ങൾ കാരണം സമീപകാലത്ത് വന്നിട്ടില്ല. 1980ൽ സഹോദരനായ തോമസ് ചാണ്ടിയാണ് അദ്ദേഹത്തെ കുവൈത്തിലേക്ക് കൊണ്ടുവരുന്നത്. കെ.ഒ.സിയുടെ ജലശുദ്ധീകരണ പ്ലാൻറിൽ പത്തുവർഷം ജോലി ചെയ്തു. ഇറാഖ് അധിനിവേശ സമയത്ത് കുവൈത്ത് വിട്ട തോമസ് കെ. തോമസ് പിന്നീട് ഇവിടെ തിരിച്ചെത്തി സ്വന്തം നിലയിൽ വ്യാപാരം നടത്തി. അബ്ബാസിയ റെസിഡൻറ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിൽ നിരവധി വിഷയങ്ങളിൽ ഇടപെട്ടു. കുവൈത്തിൽ വോളിബാൾ ടൂർണമെൻറുകളുടെ സംഘാടനത്തിൽ നേതൃപരമായ പങ്കുവഹിച്ചു.
പ്രവാസ ജീവിതത്തിെൻറ ചൂടും ചൂരും അറിഞ്ഞയാൾ എന്ന നിലയിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ നിയമസഭയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. കുവൈത്തിൽ ഗൾഫ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സ്ഥാപകനും ഒ.എൻ.സി.പി രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ഷേർളി. മക്കൾ: ഡോ. കിറ്റു കെ. തോമസ് (പീഡിയാട്രീഷ്യൻ, ശൈഖ് ജാബിർ ആശുപത്രി), ഡോ. ടീന കെ. തോമസ് (പീഡിയാട്രീഷ്യൻ, മുബാറക് ആശുപത്രി), ടിൻറു എലിസബത്ത് തോമസ് (കൺസൽട്ടൻറ് കമ്പനി എൻജിനീയർ). മൂന്നുപേരും കുവൈത്ത് പ്രവാസികളാണ്.
തോമസ് കെ. തോമസിനെ അനുമോദിച്ചു
കുവൈത്ത് സിറ്റി: റോയൽ കുവൈത്ത് കൾചറൽ സൊസൈറ്റി രക്ഷാധികാരിയായിരുന്ന തോമസ് കെ. തോമസ് കുട്ടനാട് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ സംഘടന അനുമോദിച്ചു. കുവൈത്ത് പ്രവാസികളുടെ ശബ്ദം തോമസ് കെ. തോമസിലൂടെ കേരള നിയമസഭയിൽ എത്താൻ സഹായിച്ച കുട്ടനാട്ടിലെ വോട്ടർമാർക്ക് റോയൽ കുവൈത്ത് ആശംസ നേർന്നു. അബ്ബാസിയയിൽ മധുര വിതരണവും നടത്തി. തുടന്നു സൂം ഫ്ലാറ്റ്ഫോമിൽ നടത്തിയ അനുമോദന യോഗത്തിൽ പ്രസിഡൻറ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു. ഷിബു കണ്ണോത്ത്, ക്രിസ്റ്റി അലക്സാണ്ടർ, സിജു ഇറക്കാട്ടുകുഴിയിൽ, ജോയ് തിരുതാളിൽ, ശാലിനി കണ്ണൻ, സിജോ അങ്കമാലി, റോണി ജോർജ്, സിജോ ഈശോ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിൽ ഒ.എൻ.സി.പി ആഹ്ലാദം
കുവൈത്ത് സിറ്റി: കേരളത്തിലെ ഇടതു മുന്നണിയുടെയും എൻ.സി.പി സ്ഥാനാർഥികളായ തോമസ് കെ. തോമസിെൻറയും എ.കെ. ശശീന്ദ്രെൻറയും വിജയത്തിൽ ഒ.എൻ.സി.പി കുവൈത്ത് കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷറർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. നിയുക്ത എം.എൽ.എ തോമസ് കെ. തോമസിെൻറ സഹോദരൻ ജോൺ തോമസ് കളത്തിപറമ്പിൽ, യുനൈറ്റഡ് സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് എന്നിവർ സംസാരിച്ചു. അനന്തകൃഷ്ണൻ കൈനകരി, ടോണി മാത്യു, സജി ജോൺ ജേക്കബ് എന്നിവരും ഒ.എൻ.സി.പി അംഗങ്ങളും പങ്കെടുത്തു. ഒ.എൻ.സി.പി കുവൈത്ത് രക്ഷാധികാരിയാണ് തോമസ് കെ. തോമസ്.

