മികച്ച വിജയം നേടിയ വിദ്യാർഥികളെ കിരീടാവകാശി അഭിനന്ദിച്ചു
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിദ്യാർഥികൾക്കൊപ്പം
കുവൈത്ത് സിറ്റി: കഴിഞ്ഞ അധ്യയന വർഷത്തിൽ ഹൈസ്കൂളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. വിദ്യാർഥികളെയും വിദ്യാഭ്യാസ മന്ത്രി ഡോ.അബ്ദുൽ വഹാബ് അൽ അദാനിയെയും ചൊവ്വാഴ്ച കിരീടാവകാശി ബയാൻ പാലസിൽ സ്വീകരിച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും കിരീടാവകാശി വിദ്യാർഥികളെ അറിയിച്ചു. മികച്ച വിദ്യാർഥികൾക്കൊപ്പം അവരുടെ കുടുംബങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മാതാപിതാക്കളെ ബഹുമാനിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കിരീടാവകാശി ഉണർത്തി.
വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും അതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും അവരുടെ പ്രയത്നങ്ങൾക്കും സേവനങ്ങൾക്കും നന്ദി അറിയിച്ചു. വികസിത രാജ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് വിദ്യാഭ്യാസം. കുട്ടികൾക്ക് അറിവ് സമ്പാദിക്കാനും ഉന്നത ബിരുദങ്ങൾ നേടാനും കഴിയുന്നതെല്ലാം ചെയ്യും. രാജ്യത്തിന്റെ നിർമാണത്തിനും വികസനത്തിനും സംഭാവന നൽകാനും ഉണർത്തി.
കിരീടാവകാശിയുടെ ദിവാൻ ഡയറക്ടർ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

