ഇറക്കുമതി ചെയ്ത പത്ത് ടൺ വ്യാജ ഉൽപന്നങ്ങൾ പിടികൂടി
text_fieldsകുവൈത്തിൽ ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറക്കുമതി ചെയ്ത പത്ത് ടൺ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. ലേഡീസ് ബാഗുകൾ, വാച്ചുകൾ, മറ്റു വസ്തുക്കൾ എന്നിവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിടിച്ചെടുത്തത്. ഉൽപന്നങ്ങൾ കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്ത കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തതായി കസ്റ്റംസ് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
യഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി. പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

