സൂപ്പർ കപ്പ് 2023; അബ്ബാസിയ വീകിങ്സ് ജേതാക്കൾ
text_fieldsമഞ്ഞപ്പടയുടെ കുവൈത്ത് വിങ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
കുവൈത്ത് സിറ്റി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ക്ലബായ മഞ്ഞപ്പടയുടെ കുവൈത്ത് വിങ് സംഘടിപ്പിച്ച ‘സൂപ്പർ കപ്പ് -2023’ ഫുട്ബാൾ ടൂർണമെന്റിൽ പീറ്റർ ആന്റണി നയിച്ച അബ്ബാസിയ വീകിങ്സ് ജേതാക്കൾ. ഫൈനലിൽ ഫർവാനിയ ബോയ്സിനെയാണ് തോൽപിച്ചത്. മംഗഫ് മാർവൽസാണ് മൂന്നാമത്. ജഹറ സൂപ്പർ ജയന്റ്സ് നാലാമതെത്തി. ഫഹഹീൽ സൂക്സബാ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആറു ടീമുകൾ പങ്കെടുത്തു.
ഫർവാനിയ ബോയ്സ് ക്യാപ്റ്റൻ സയാൻ ഐദീദ് മികച്ച താരമായും ജഹറ സൂപ്പർ ജയന്റ്സിന്റെ റെനോ റെജി മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. അബ്ബാസിയ വീകിങ്സ് താരം ടിജോ പി. ഡാനിയേൽ ടോപ് സ്കോററായി. മഞ്ഞപ്പട കുവൈത്ത് വിങ് പ്രസിഡന്റ് ജെറിൽ കുര്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് ബഷീർ, ട്രഷറർ ഷിബു കുര്യാക്കോസ്, ജംഷീദ് ഐദീദ്, സുബിൻ മാത്യു, എൻ.പി. ബിജു, ടെൻസൺ കുര്യൻ, ലിജോ കോശി തുടങ്ങിയവർ നേതൃത്വം നൽകി.
ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിനെ വരവേൽക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മഞ്ഞപ്പട കുവൈത്ത് വിങ് തീരുമാനിച്ചു. കുവൈത്തിലെ വിവിധ ഫുട്ബാൾ അക്കാദമികളെ പങ്കെടുപ്പിച്ച് ടൂർണമെന്റും സംഘടിപ്പിക്കും.

