ഏഴു‘നിറ’ങ്ങളിൽ ചാലിച്ചെഴുതി...
text_fieldsഖൈത്താൻ: ശിശുദിനത്തോടനുബന്ധിച്ച് കല (ആർട്ട്) കുവൈത്തിെൻറ ആഭിമുഖ്യത്തിൽ തുടർച്ചയായ 13ാം വർഷവും ‘നിറം’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന മത്സരത്തിൽ എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ നാലു ഗ്രൂപ്പുകളിലായി 2200ൽ അധികം കുട്ടികൾ പങ്കെടുത്തു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈത്ത് പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ജൈസൺ ജോസഫ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വൈസ് ചെയർമാൻ വിനു നായർ, പ്രിൻസിപ്പൽ ഗംഗാധർ ശിർശാദ് കല(ആർട്ട്) കുവൈത്ത് സാംബശിവൻ അവാർഡ് ജേതാവ് ഡോ. വസന്തകുമാർ സാംബശിവൻ, വിവിധ സംഘടന- സാംസ്കാരിക പ്രവർത്തകർ, സ്പോൺസർമാർ എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപണ് കാൻവാസ് പൈയിൻറിങ്ങും ഉണ്ടായിരുന്നു. കലാകാരന്മാരായ ശശി കൃഷ്ണൻ, ഷമ്മി ജോൺ, നികേഷ്, സുനിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. ചിത്രരചന കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശിൽപനിർമ്മാണ മത്സരവും ഉണ്ടായിരുന്നു. മത്സരഫലം ഡിസംബർ ഒന്നിന് മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വി.പി. മുകേഷ് നന്ദി പറഞ്ഞു.
