മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി കെ.എം.സി.സി ഐക്യദാർഢ്യം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് പ്ലാറ്റിനം സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി ഐക്യദാർഢ്യവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെ പൂക്കൾ വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫാ. ചിറമേൽ പറഞ്ഞു.
മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി നേതാവ് ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന എസ്.പി. അബൂബക്കർ സിദ്ദീഖിന് യാത്രയയപ്പ് നൽകി. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എൻജിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ സംസാരിച്ചു. സിദ്ദീഖ് മറുപടിപ്രസംഗം നിർവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

