‘നിറം- 2026’ ശിശുദിന ചിത്രരചനാ മത്സരം നവംബർ 13ന്
text_fieldsകുവൈത്ത് സിറ്റി: ശുദിനാഘോഷ ഭാഗമായി, ഫർവാനിയ മെട്രോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ കല(ആർട്ട്) കുവൈത്ത് ഒരുക്കുന്ന ‘നിറം- 2026’ ശിശുദിന ചിത്രരചനാ മത്സരം നവംബർ 13ന് ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായാണ് മൽസരം. ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായുള്ള മൽസരം ഉച്ചക്ക് ഒരുമണി മുതൽ ആരംഭിക്കും.
ക്രയോണ്സും കളർപെൻസിലും, വാട്ടർ കളറുകളും മത്സരാർത്ഥികൾ കൊണ്ടുവരണം. ഡ്രോയിംഗ് പേപ്പറുകളും (സ്റ്റാമ്പ് ചെയ്തവ) ക്ലേ മോഡലിംഗിനാവശ്യമായ കളിമണ്ണും സംഘാടകർ നൽകും. രക്ഷിതാക്കൾക്കും സന്ദർശകർക്കും അതിഥികൾക്കുമായി 'ഓപ്പൺ ക്യാൻവാസ് പെയിന്റിംഗ്' മത്സരവും ഉണ്ടാകും. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം, രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. ഓപ്പൺ ക്യാൻവാസ് പെയിന്റിംഗിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കും സമ്മാനങ്ങൾ ലഭിക്കും.
മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഡിസംബർ 11 ഉച്ചയ്ക്ക് 2:30ന് ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുമെന്ന് വി.പി.മുകേഷ്, ജനറൽ സെക്രട്ടറി അനീച ഷൈജിത്ത്, 'നിറം-2026' പ്രോഗ്രാം ചെയർമാൻ ജിയാഷ് അബ്ദുൾ കരീം, ജനറൽ കൺവീനർ പി.ഡി.രാഗേഷ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് - 97219439, 55839915, 66114364, 66015466.

