കുവൈത്തിൽ ഫുട്ബാൾ സീസൺ നാളെ മുതൽ
text_fieldsകുവൈത്ത് ദേശീയ ഫുട്ബാൽ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫുട്ബാൾ സീസൺ ആഗസ്റ്റ് 15ന് ആരംഭിക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇതിന് അനുമതി നൽകി. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടക്കുക. ഇൗ നിലയിൽ പ്രാദേശിക, അന്തർദേശീയ മത്സരങ്ങൾ നടത്താൻ മന്ത്രിസഭ അനുമതി നൽകി.
രണ്ടു തലത്തിലുള്ള ലീഗ് മത്സരങ്ങൾ, അമീറിെൻറയും കിരീടാവകാശിയുടെയും പേരിലുള്ള മത്സരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കുവൈത്തിലെ ഫുട്ബാൾ കലണ്ടർ. ടൂർണമെൻറുകൾ എല്ലാം നടത്താനാണ് കുവൈത്ത് ഫുട്ബാൾ അസോസിയേഷെൻറ തീരുമാനം.
കുവൈത്ത് ആരോഗ്യ മന്ത്രാലയം, സ്പോർട്സ് പബ്ലിക് അതോറിറ്റി, കുവൈത്തി ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി കൂടിയാലോചിച്ചശേഷമാണ് ഇൗ തീരുമാനമെടുത്തത്. വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും ക്രൗൺ പ്രിൻസ് കപ്പ് വിജയികളും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക. അമീർ കപ്പ് ഫെബ്രുവരിയിലും ക്രൗൺപ്രിൻസ് കപ്പ് ഏപ്രിലിലും നടത്തും. ടൂർണമെൻറുകൾ തുടങ്ങുന്നതിന് മുന്നോടിയായി കർശന നിയന്ത്രണങ്ങളോടെ ടീമുകൾ കഴിഞ്ഞ മാസം പരിശീലന സെഷനുകൾ ആരംഭിച്ചിരുന്നു. പരിശീലന സെഷനുകൾക്കും മത്സരങ്ങൾക്കും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും മാർഗനിർദേശവും ഉണ്ടാവും.

