സി.ബി.എസ്.ഇ ദേശീയ ബാസ്‌കറ്റ്‌ബാൾ: ചരിത്രനേട്ടവുമായി ഐ.ഇ.എ.എസ്
text_fieldsഐ.ഇ.എ.എസ് ബാസ്‌കറ്റ്‌ബാൾ ടീം സ്കൂൾ അധികൃതർകൊപ്പം
കുവൈത്ത് സിറ്റി: പഞ്ചാബിലെ ബട്ടിൻഡയിലുള്ള സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ അണ്ടർ-19 ദേശീയ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ (ഐ.ഇ.എ.എസ്) കുവൈത്ത്. ആൺകുട്ടികളുടെ ബാസ്‌കറ്റ്‌ബാൾ ഇനത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച ടീം മികച്ച പ്രകടനത്തിലൂടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ഏക ഗൾഫ് ടീമായി.
ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തർ, ബഹ്‌റൈൻ, തമിഴ്‌നാട്ടിലെ വേളമ്മാൾ സ്കൂൾ എന്നിവയെ തകർത്താണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ യുഗാന്തർ പബ്ലിക് സ്കൂളിനോട് പരാജയപ്പെട്ടെങ്കിലും ദേശീയതലത്തിൽ കുവൈത്തിന്റെ അഭിമാനമായി മാറി. പരിശീലകൻ ക്ലാരൻസിന്റെ നേതൃത്വവും വിദ്യാർഥികളുടെ മികച്ച സമർപ്പണവും മികച്ച പ്രകടനത്തിന് കരുത്തേകി.
ടീമിന്റെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്‌മെന്റ്, പരിശീലകർ, രക്ഷിതാക്കൾ, ഐ.ഇ.എ.എസ് കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്ക് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

