യമന്റെ ഐക്യത്തിനും സ്ഥിരതക്കും നിലകൊള്ളും –വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യമൻ പ്രധാനമന്ത്രി മുയീൻ അബ്ദുൽമാലികിനൊപ്പം
കുവൈത്ത് സിറ്റി: യമൻ പ്രധാനമന്ത്രി മുയീൻ അബ്ദുൽമാലിക്കുമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി. യമനെ സഹായിക്കുന്നതിനായി ജനീവയിൽ യു.എൻ നേതൃത്വത്തിൽ നടന്ന ദാതാക്കളുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കഴ്ച.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ സ്നേഹാശംസകൾ മന്ത്രി ശൈഖ് സലീം യമൻ പ്രധാനമന്ത്രിയെ അറിയിച്ചു.
കുവൈത്തും യമനും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യം ശൈഖ് സലീം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു. യമനിലെയും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും ചർച്ചയിലെത്തി. യമന്റെ ഐക്യത്തിനും സ്ഥിരതക്കുംവേണ്ടി കുവൈത്ത് നിലകൊള്ളുന്നതായും യമനിൽ സുരക്ഷയും ശാശ്വത സമാധാനവും പുനഃസ്ഥാപിക്കൽ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായും ശൈഖ് സലീം അറിയിച്ചു.
കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആശംസകൾ നേർന്ന യമൻ പ്രധാനമന്ത്രി, യമനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനു കടപ്പാടും അഭിനന്ദനവും അറിയിച്ചു.

