സൗഹൃദ ഫുട്ബാൾ: കുവൈത്ത്, ലബനാൻ ഏകഗോൾ സമനില
text_fieldsകുവൈത്ത്, ലബനാൻ സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത്, ലബനാൻ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ സമനില. ഇരുടീമുകളും ഒാരോ ഗോൾ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ഷബീബ് അൽ ഖാലിദിയിലൂടെ കുവൈത്ത് ആണ് സ്കോർ ബോർഡ് തുറന്നത്.എന്നാൽ, ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ മുഹമ്മദ് ഖുദൗഹിലൂടെ ലബനാൻ സമനില പിടിച്ചുവാങ്ങി. തുടർന്നും രണ്ടുടീമുകളും ഗോളിനായി തന്ത്രം മെനഞ്ഞ് കരുക്കൾ നീക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.
ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സൗഹൃദ മത്സരം കളിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾ മേയ് 31നും ജൂൺ 15നും ഇടയിൽ കുവൈത്തിൽ നടത്തും.കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറക്കാൻ ഹോം ആൻഡ് എവേ രീതിക്ക് പകരം ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ട്രേലിയ, ജോർഡൻ, ചൈനീസ്, തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും. ഗ്രൂപ് ബിയിൽ അഞ്ചുകളിയിൽ 10 പോയൻറുമായി കുവൈത്ത് രണ്ടാമതാണ്.

