വിമാന നിരക്ക്; സീസണൽ കൊള്ള തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: അവധിക്കാലവും ആഘോഷ ദിനങ്ങളും എത്തിയതോടെ വിമാന നിരക്കും ഉയരുന്നു. കേരളത്തിൽ വേനൽക്കാല അവധി ആരംഭിച്ചതോടെ നാട്ടിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ ഉയർന്നു. കുവൈത്തിൽനിന്ന് നാട്ടിലേക്ക് ഇപ്പോൾ വലിയ നിരക്കുവർധന ഇല്ലെങ്കിലും നോമ്പ് അവസാനമാകുന്നതോടെ നിരക്ക് ഉയരും. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് 16000ത്തിനും 20,000ത്തിനും ഇടയിലേക്ക് ഇപ്പോൾ ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിലും പതിവിലും മാറ്റമുണ്ട്. നിരക്ക് ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പലരും നേരത്തേ ടിക്കറ്റ് എടുത്തുവെച്ചാണ് യാത്രചെയ്യുന്നത്.
ഏപ്രിൽ മുതൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ഉത്സവ സീസണുകൾ, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായ പരാതിക്ക് ഏറെ പഴക്കമുണ്ട്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ് കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക്.
വിമാന നിരക്കുകൾ പുനഃപരിശോധിക്കണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യത്തോട് വിമാന കമ്പനികൾ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഡിമാൻഡുള്ള സമയങ്ങളിൽ നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണ് എന്ന നിലപാടിലാണ് വിമാന കമ്പനികൾ. അതേസമയം, ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർ കൂടിയതോടെ പല വിമാന കമ്പനികളുടെയും ടിക്കറ്റുകൾക്ക് ഡിമാൻഡ് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

