കുവൈത്ത് അമീർ ഒമാനിൽ; ഊഷ്മള സ്വീകരണം
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ റോയൽ പ്രൈവറ്റ്വിമാനത്താവളത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ്
സ്വീകരിക്കുന്നു
കുവൈത്ത്സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒമാനിലെത്തി. അമീറിനെയും പ്രതിനിധി സംഘത്തെയും റോയൽ പ്രൈവറ്റ് വിമാനത്താവളത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് സ്വീകരിച്ചു.
ഒമാൻ പ്രതിരോധ ഉപപ്രധാനമന്ത്രി ശിഹാബ് ബിൻ താരീഖ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ സുൽത്താൻ അൽ നുമാനി, ആഭ്യന്തര മന്ത്രി ഹുമൂദ് അൽ ബുസൈദി, വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസി, ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് അൽ ഹജ്രി എന്നിവരും അമീറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. ശൈഖ് മുഹമ്മദ് അബ്ദുൽ അസീസ് അൽ ജറാഹ് അസ്സബാഹ്, ശൈഖ് ഹമദ് സബാഹ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് അത്ബി നാസർ അൽ അത്ബി അസ്സബാഹ്, ശൈഖ് അലി ഖാലിദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് മൻസൂർ മുബാറക് അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ശൈഖ് ഡോ. ബാസൽ അൽ ഹുമൂദ് അൽ മാലേക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അത്തിഖി, അമീരി ദിവാനിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിനൊപ്പമുള്ള പ്രതിനിധി സംഘത്തിലുണ്ട്.
ബുധനാഴ്ച ദുകം റിഫൈനറി-പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീറും ഒമാൻ സുൽത്താനും പങ്കെടുക്കും. കുവൈത്തും ഒമാനും തമ്മിലെ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്തുന്ന ചർച്ചകളും നടക്കും.

