ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ ഓർമപ്പെരുന്നാൾ
text_fieldsബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമപ്പെരുന്നാൾ ആഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മലങ്കരസഭ മൂന്നാമത് കത്തോലിക്കായും മലങ്കര മെത്രാപ്പൊലീത്തായും മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവുമായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ 60ാം ഓർമപ്പെരുന്നാൾ കുവൈത്തിൽ ആഘോഷിച്ചു. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന മൂന്നിന്മേൽ കുർബാനക്ക് മലങ്കരസഭ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ, മഹാ ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ, ഫാ.ഗീവർഗീസ് ജോൺ എന്നിവർ കാർമികത്വം വഹിച്ചു.
സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലും സാൽമിയ സെന്റ് മേരീസ് ചാപ്പലിലും നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക സഹവികാരി ഫാ. ലിജു കെ.പൊന്നച്ചൻ കാർമികത്വം വഹിച്ചു.
50 വർഷമായി കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ ശുശ്രൂഷകൾ, ധൂപപ്രാർഥന, പ്രദക്ഷിണം, പെരുന്നാൾ വാഴ്വ്, നേർച്ച വിതരണം എന്നിവയോടെ സമാപിച്ചു.

