തൊഴിൽ വിസ അപേക്ഷ നിരസിക്കപ്പെടാൻ കാരണമെന്താണ്
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
ഞാൻ ബഹ്റൈനിൽ രണ്ടു കൊല്ലം മുമ്പ് മൂന്നു മാസത്തെ വിസിറ്റിങ് വിസയിൽ വന്നു. മൂന്നു മാസം കൂടുതൽ നിന്നതിനാൽ ഫൈൻ അടച്ചു തിരിച്ചുവന്നതാണ്. ഇപ്പോൾ തൊഴിൽ വിസക്ക് അപേക്ഷിച്ചപ്പോൾ റിജക്ട് ആയി. വിസ കിട്ടാൻ എന്താ ചെയ്യേണ്ടത്- മോഹൻ
താങ്കളുടെ ചോദ്യത്തിൽ കുറച്ചു വിവരങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ വ്യക്തമായ മറുപടി നൽകാൻ പ്രയാസമാണ്. താങ്കളെ എൽ.എം.ആർ.എ പിടിച്ചു കയറ്റിവിട്ടതാണെങ്കിൽ മൂന്നു വർഷത്തേക്ക് തിരികെ വരാൻ സാധിക്കുകയില്ല. താങ്കൾക്ക് ഇതുവരെ ആ കാലാവധി കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പുതിയ വിസ ലഭിക്കാത്തത്. ഫൈൻ കൊടുത്ത് വിസിറ്റ് വിസയുടെ കാലാവധി നീട്ടിയതാണെങ്കിൽ, പുതിയ വിസ ലഭിക്കാത്തതിന്റെ കാരണം ഒരു എൽ.എം.ആർ.എ ഏജന്റ് മുഖാന്തരം ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ പരിശോധിക്കാവുന്നതാണ്. എന്തെങ്കിലും കാരണവശാൽ ഇവിടെനിന്ന് ഡിപോർട്ട് ചെയ്തതാണെങ്കിൽ തിരികെ വരാൻ പ്രയാസമായിരിക്കും.
• ഞാൻ ഇവിടെ പുതിയതായി ജോലിക്ക് വന്നതാണ്. കമ്പനി വിസയിലാണ്. ഞാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിശദീകരിക്കാമോ- അനീഷ്
ഇവിടത്തെ തൊഴിൽ നിയമവും എൽ.എം.ആർ.എ നിയമവും തൊഴിലാളികളുടെ കടമകളെപ്പറ്റി പറയുന്നുണ്ട്. അതിൽ പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
1. തൊഴിലുടമയോടുള്ള കടമകൾ നിർവഹിക്കുക.
2. പുറത്ത് വേറെ ജോലികൾ ഒന്നും ചെയ്യാതിരിക്കുക. അതായത്, പാർട്ട് ടൈം ജോലികൾ.
3. രാഷ്ട്രീയ കാര്യങ്ങളിൽ ഒന്നുംതന്നെ ഇടപെടരുത്.
4. ആവശ്യമില്ലാത്ത ഒരു കടലാസിലും ഒന്നുംതന്നെ എഴുതാത്ത കടലാസിലും ഒരു കാരണവശാലും ഒപ്പുവെക്കരുത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി മാത്രമേ ഏതിലും ഒപ്പുവെക്കാവൂ. രേഖയുടെ ഒരു കോപ്പി കൈയിൽ സൂക്ഷിക്കണം. രേഖകൾ മനസ്സിലാകുന്നില്ലെങ്കിൽ ഒപ്പിടുന്നതിനു മുമ്പേ അറിവുള്ളവരുടെ സഹായം തേടണം.
5. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലിൽനിന്ന് മാറിനിൽക്കരുത്. രോഗ അവധി എടുക്കുകയാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കണം. 10 ദിവസത്തിൽ കൂടുതൽ തൊഴിലിൽനിന്ന് മാറിനിന്നാൽ തൊഴിൽ കരാർ റദ്ദു ചെയ്യാം. 15 ദിവസത്തിൽ കൂടിയാൽ എൽ.എം.ആർ.എയിൽ റൺ എവേ റിപ്പോർട്ട് ചെയ്യാൻ തൊഴിലുടമക്ക് സാധിക്കും.
6. ഒരുവിധത്തിലുള്ള പണം ഇടപാടിലും ഏർപ്പെടാതിരിക്കുക. ചിട്ടി, മറ്റ് ഇൻസ്റ്റാൾമെന്റ് സ്കീം എന്നിവക്കൊന്നും നിയമത്തിന്റെ പരിരക്ഷയില്ല.

