സുൽത്താൻ അൽ നിയാദി തിങ്കളാഴ്ച യു.എ.ഇയിൽ
text_fieldsദുബൈ: സുൽത്താൻ അൽ നിയാദി തിങ്കളാഴ്ച യു.എ.ഇയിൽ എത്തുമെന്ന് ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ നാലിന് യു.എസിലെ ഫ്ലോറിഡയിൽ മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. കഴിഞ്ഞ ദിവസം ‘നാസ’ക്ക് നൽകിയ അഭിമുഖത്തിൽ ബഹിരാകാശത്തെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.
അൽ നിയാദി 14 ദിവസത്തിന് ശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങുന്നത്. ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്രപരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്ക് മടങ്ങും. രാജ്യത്തിന്റെ അഭിമാനപുത്രന് സമുചിതമായ സ്വീകരണം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
നേരത്തെ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്രനേതാക്കളെ സന്ദർശിക്കൽ, ദൗത്യവിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്.

