ദുരിതങ്ങൾക്കൊടുവിൽ സുകുമാരൻ നാടണഞ്ഞു
text_fieldsസുകുമാരൻ (വലത്ത്) അനിൽ മടപ്പള്ളിക്കൊപ്പം
മനാമ: ബഹ്റൈനിൽ തൊഴിലില്ലാതെ ദുരിതങ്ങളിൽ കഴിഞ്ഞ കന്യാകുമാരി സ്വദേശി സുകുമാരൻ ഒടുവിൽ നാടണഞ്ഞു. സംസ്കൃതി ബഹ്റൈൻ സേവന വിഭാഗം അംഗം അനിൽ മടപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞത്. തിങ്കളാഴ്ച അദ്ദേഹം നാട്ടിലേക്ക് വിമാനം കയറി.
18 വർഷത്തോളമായി ബഹ്റൈനിലുള്ള സുകുമാരന് ഒരുവർഷം മുമ്പാണ് ജോലി നഷ്ടമായത്. തുടർന്ന്, വരുമാനമൊന്നുമില്ലാതെ കടുത്ത ദുരിതത്തിലായിരുന്നു ജീവിതം. ഇടക്ക് ചെറിയ പണികൾ ചെയ്താണ് കഴിഞ്ഞുപോന്നത്.
ഇദ്ദേഹം ജോലി ചെയ്ത സ്ഥാപന ഉടമയോട് പ്രശ്നത്തെ പറ്റി സംസാരിച്ചപ്പോൾ പാസ്പോർട്ട് നൽകാൻ 400 ദീനാർ ആവശ്യപ്പെടുകയായിരുന്നു.ടിക്കറ്റ് തങ്ങൾ എടുക്കാം എന്ന് പറഞ്ഞെങ്കിലും പാസ്പോർട്ട് നൽകാൻ കൂട്ടാക്കിയില്ലെന്ന് അനിൽ മടപ്പള്ളി പറഞ്ഞു. ഇന്ത്യൻ എംബസിയിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തീർത്തും അവശനായ സുകുമാരനെ ഒൗട്ട്പാസ് സംഘടിപ്പിച്ചാണ് നാട്ടിലേക്ക് അയച്ചത്.

