നൂതന റോബോട്ടിക് സംവിധാനം; 100 ശസ്ത്രക്രിയ പൂർത്തീകരിച്ച് ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ്
text_fieldsബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ് മെഡിക്കൽ ടീം
മനാമ: നൂതന റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ് (ആർ.എം.എസ്). ഈ നേട്ടം കൈവരിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനം കൂടിയാണ് ആർ.എം.എസ്. കിഡ്നി, പ്രോസ്റ്റേറ്റ് നീക്കം ചെയ്യൽ, ഹെർണിയ, വൻകുടൽ ശസ്ത്രക്രിയകൾ, ഗൈനക്കോളജിക്കൽ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണമായ ശസ്ത്രക്രിയകൾക്കുവരെ ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു.
നൂതന റോബോട്ടിക് ശസ്ത്രക്രിയ സങ്കേതമായ ഹ്യൂഗോ റാസ് എന്ന സംവിധാനം വഴിവയാണ് ശസ്ത്രക്രിയ നടത്തിയത്. ത്രിമാന കാമറയും നാല് റോബോട്ടിക് കൈകളും ചേർന്ന ഈ സംവിധാനം സർജൻമാർക്ക് നല്ല കൃത്യതയും നിയന്ത്രണവും നൽകുന്നു. ഇത് ശസ്ത്രക്രിയ സമയത്ത് അണുബാധ സാധ്യത കുറക്കുകയും രോഗിയെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ നേട്ടം ആർ.എം.എസിന്റെ മികച്ച സർവിസുകളെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ ഹ്യൂഗോ റാസ് സിസ്റ്റം സജ്ജീകരിച്ച ആദ്യ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ സ്ഥാപനം കൂടിയാണ് ആർ.എം.എസ്. ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസിന്റെ സമർപ്പിതരായ മെഡിക്കൽ ടീമിന്റെയും പരിശീലനം ലഭിച്ച സ്റ്റാഫിന്റെയും കഴിവുകളാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ഇത് മേഖലയിലെ ആരോഗ്യസംരക്ഷണത്തിന്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

