അവധിക്ക് പോയ സമയം കമ്പനി തൊഴിൽ കരാർ റദ്ദു ചെയ്താൽ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞാൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു മാസത്തെ ലീവിൽ നാട്ടിൽ പോയി. വിസയുടെ പൈസ ഞാനാണ് കൊടുത്തത്. വിസ തീരാൻ രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ തൊഴിലുടമ എന്റെ അറിവില്ലാതെ വിസ കാൻസൽ ചെയ്തു. വിസ തീരുന്നതിനുമുമ്പ് വരാൻ ഉദ്ദേശ്യമുണ്ടായിരുന്നു. കാൻസൽ ചെയ്തതുകൊണ്ട് വേറെ ഒരു സൂപ്പർ മാർക്കറ്റിലേക്ക് വിസയെടുത്തു ഞാൻ ബഹ്റൈനിൽ തിരിച്ചെത്തി. വിസ തീരുന്നതിനുമുമ്പ് വിസ കാൻസൽ ചെയ്താൽ പണം മുഴുവൻ തിരിച്ചുകിട്ടുമോ- അഷ്റഫ്
• തൊഴിൽ നിയമപ്രകാരം താങ്കൾ അവധിക്ക് പോയ സമയം താങ്കളുടെ തൊഴിൽ കരാർ റദ്ദുചെയ്യാൻ പാടില്ല. അതുപോലെ വിസയും. അങ്ങനെ ചെയ്തതിനെതിരെ താങ്കൾക്ക് തൊഴിൽ കോടതിയിൽ പരാതി നൽകാം. വിസക്ക് കൊടുത്ത പണം തിരികെ ലഭിക്കാൻ പ്രയാസമാണ്. തൊഴിലാളിയുടെ പക്കൽനിന്ന് ഒരു പൈസ പോലും വിസക്കായി വാങ്ങാൻ പാടില്ലെന്നാണ് നിയമമെങ്കിലും താങ്കൾ പണം കൊടുത്തുവെന്ന് തെളിയിക്കാൻ പ്രയാസമാണ്.
?ഒരു അത്യാവശ്യ കാര്യത്തിന് ലീവിങ് ഇൻഡമിനിറ്റിയിൽനിന്ന് കുറെ പൈസ തരാൻ ഞാൻ കമ്പനിയിൽ ആവശ്യപ്പെട്ടു. എന്നാൽ, തൊഴിൽ നിർത്തി പോകുമ്പോൾ മാത്രമേ ലീവിങ് ഇൻഡമിനിറ്റിയിൽനിന്ന് പണം തരാൻ സാധിക്കൂ എന്നാണ് പറഞ്ഞത്. ഇത് ശരിയാണോ- സന്തോഷ് കുമാർ
• തൊഴിൽ നിയമപ്രകാരം ലീവിങ് ഇൻഡമിനിറ്റി തൊഴിൽ നിർത്തി പോകുമ്പോഴാണ് നൽകുന്നത്. അതാണ് വ്യവസ്ഥ. തൊഴിൽ നിർത്തി പോകുന്നതിനുമുമ്പ് എന്തെങ്കിലും കാരണത്താൽ പൈസ വാങ്ങിക്കുകയാണെങ്കിൽ അത് സ്വന്തം അക്കൗണ്ടായി കണക്കാക്കി പിരിഞ്ഞുപോകുന്ന സമയത്ത് അത് കുറച്ച് ബാക്കി തുക നൽകിയാൽ മതി.
ലീവിങ് ഇൻഡമിനിറ്റിയിൽനിന്ന് ലോൺ അല്ലെങ്കിൽ സ്വന്തം അക്കൗണ്ട് പൈസ തരുന്നത് ഒക്കെ കമ്പനിയുടെ ഇന്റേണൽ പോളിസി പ്രകാരമാണ്.

