ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു
text_fieldsമത്സ്യത്തൊഴിലാളികളെ യാത്രയാക്കുന്നു
മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ ശിക്ഷ വിധിക്കപ്പെട്ട് ഇവർ ജയിലിലായിരുന്നു.
അടുത്തിടെ ഇവരുടെ ശിക്ഷ മൂന്നു മാസമായി ഇളവ് വരുത്തുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു. ഇന്ത്യ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് ഇവർക്കാവശ്യമായ നിയമസഹായത്തിനും യാത്രക്കും സൗകര്യമൊരുക്കി. ഇവരുടെ മോചനവും നാട്ടിലേക്കുള്ള യാത്രയും വേഗത്തിൽ സാധ്യമാക്കാൻ എല്ലാവിധത്തിലും സഹകരിച്ച ബഹ്റൈൻ അധികാരികൾക്ക് നന്ദി പറയുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

