തൊഴിൽ, താമസ വിസ നിയമലംഘനം; 180 വിദേശ തൊഴിലാളികളെ നാടുകടത്തി
text_fieldsമനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 180 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഒക്ടോബർ 6 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 1,708 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി.
29 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 21 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ 1, നോർത്തേൺ ഗവർണറേറ്റിൽ 3 , സതേൺ ഗവർണറേറ്റിൽ 4 എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ് , ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

