ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ഇന്ന് ബഹ്റൈനിലെത്തും
text_fieldsകുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച ബഹ്റൈനിലേക്ക് തിരിക്കും. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുമായി അമീർ കൂടിക്കാഴ്ച നടത്തും. വാണിജ്യം, സമ്പദ്വ്യവസ്ഥ, സൈബർ സുരക്ഷ തുടങ്ങിയ പൊതു താൽപര്യങ്ങളുടെ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ കുവൈത്ത് അമീറിന്റെ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
പാരമ്പര്യമായി ശക്തമായ ബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ് കുവൈത്തും ബഹ്റൈനും. 1991ലെ ഇറാഖി അധിനിവേശ വേളയിൽ ബഹ്റൈൻ കുവൈത്ത് പൗരന്മാരെ സ്വാഗതംചെയ്യുകയും കുവൈത്തിന്റെ മോചനത്തിന് സംഭാവന നൽകുകയും ചെയ്തിരുന്നു. അടുത്തിടെ വിദ്യാഭ്യാസ മേഖലയിൽ സഹകരണം വർധിപ്പിക്കൽ, കസ്റ്റംസ് കാര്യങ്ങൾ, വിവരങ്ങളുടെയും വാർത്തകളുടെയും കൈമാറ്റം, പരിസ്ഥിതി സംരക്ഷണം, സംസ്കാരം, കല, കൃഷി, സമുദ്രവിഭവങ്ങൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയുമുണ്ടായി. ചുമതല ഏറ്റെടുത്തശേഷം അമീർ അടുത്തിടെ സൗദി, ഒമാൻ രാഷ്ട്രങ്ങൾ സന്ദർശിച്ചിരുന്നു.

