ബിൽക്കീസ് ബാനു
text_fieldsദൗർഭാഗ്യവശാൽ
ഇന്നവളൊരു ഇരയാണ്
പതിനൊന്ന്
വേട്ടനായ്ക്കളുടെ ഇര
എന്റെ രാജ്യത്ത് വ്യാപിച്ച
വർഗീയവിഷത്തിന്റെ ഇര
എങ്കിലും ഞങ്ങൾ സ്ത്രീകൾക്ക്
അവളെന്നും
മറഞ്ഞിരിക്കാത്ത പ്രത്യാശയാണ്
മോശംവിധിയിലും
മുഖം മറയ്ക്കാത്ത ധൈര്യമാണ്
ഛപർവാദ് ഗ്രാമത്തിലെ
കുറ്റിക്കാടുകളിൽനിന്നും
തീരാവ്യഥപോലെ
ഇപ്പോഴും കേൾക്കാം കൈയും കാലും
ബന്ധിക്കപ്പെട്ട് പലരാൽ
ബലാത്സംഗം
ചെയ്യപ്പെട്ട ഒരുവളുടെ;
നിസ്സഹായയായി
വലിച്ചിഴക്കപ്പെട്ടവളുടെ
നിലവിളിയൊച്ചകൾ
അവിടേക്കാണല്ലോ
നികൃഷ്ടജന്മങ്ങൾ ആർത്തിതീർത്തവളെ
വലിച്ചെറിഞ്ഞത്
ബിൽക്കീസ് ബാനു;
സ്വന്തം കൺമുന്നിലിട്ട്
അതിക്രൂരം തന്റെ മകളെ കൊല്ലുന്നത്
കാണേണ്ടിവന്ന
ഒരമ്മയുടെ കനലടങ്ങാത്ത
രണ്ടു കണ്ണുകളാണവൾ
കുത്സിതബുദ്ധികളുടെ
പേടിസ്വപ്നമാണവൾ
നീതിക്കുവേണ്ടി
നീളുന്ന അവളുടെ പോരാട്ടത്തിനൊടുവിൽ
അന്തസ്സിനേറ്റ
കളങ്കമൽപമെങ്കിലും രാജ്യത്തിന്
മായ്ച്ചുകളയുവാനാകുമോ?!

