ശയ്യാവലംബിയായ പ്രവാസിയെ നാട്ടിലെത്തിച്ചു
text_fieldsസുദർശന റാവുവിനെ യാത്രയാക്കുന്നു
മനാമ: ഗുരുതര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസിയെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തിച്ചു. ആന്ധ്ര പൊല്ലുമുറി സ്വദേശിയായ 51 വയസ്സുകാരൻ സുദർശന റാവുവിനെയാണ് പ്രവാസി ലീഗൽ ബഹ്റൈൻ ചാപ്റ്ററിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
ആറു വർഷമായി ജിദാഫ്സ് ആശുപത്രിയിൽ റാവു ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് അദ്ദേഹത്തിന്റെ പേരിൽ കൊടുത്ത ട്രാവൽ ബാൻ കേസ് മൂലം നാട്ടിലേക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല. ഇത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുന്നില്ലത്ത്, ഗവേണിങ് കൗൺസിൽ മെംബർ സ്പന്ദന കിഷോർ എന്നിവർ ഇടപെടുകയായിരുന്നു. ഇന്ത്യൻ എംബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ റാവുവിന് നാട്ടിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു. ജൂൺ 25ന് അദ്ദേഹം ഹൈദരാബാദിലെത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രവാസി ലീഗൽ സെല്ലോടൊപ്പം പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, ആന്ധ്രപ്രദേശ് നോൺ റെസിഡന്റ് തെലുഗു സൊസൈറ്റി, കാക്കിനാട ഗവൺമെന്റ് ആശുപത്രി ഡോക്ടർമാർ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി സുധീർ തിരുനിലത്ത് അറിയിച്ചു.

