ബഹ്റൈൻ മെട്രോ: പ്രീ ക്വാളിഫിക്കേഷൻ നടപടി തുടങ്ങി
text_fieldsമനാമ: ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള പ്രീ ക്വാളിഫിക്കേഷൻ നടപടി തുടങ്ങി. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ പദ്ധതിയുടെ രൂപകൽപന, നിർമാണം, സാമ്പത്തികം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾക്ക് യോഗ്യരായ കമ്പനികളെ കണ്ടെത്തുകയാണ് ലക്ഷ്യം. യോഗ്യരായ കമ്പനികളിൽനിന്നാണ് ടെൻഡർ ക്ഷണിക്കുക. 2022 മാർച്ച് രണ്ട് വരെയാണ് പ്രീ ക്വാളിഫേക്കഷന് അപേക്ഷ സമർപ്പിക്കാനുള്ള സമയം. 109 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ നിർണായക സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിധമാണ് മെട്രോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 28.6 കിലോമീറ്റർ നീളത്തിലാണ് മെട്രോ പദ്ധതി നടപ്പാക്കുന്നത്. രണ്ട് പാതകളിലായി 20 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.
രണ്ട് പാതകളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇൻറർചേഞ്ചുകളും ഉണ്ടാകും. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമ വഴി സീഫ് ഡിസ്ട്രിക്ട് വരെയുള്ള റെഡ് കോറിഡോറും ജുഫൈർ മുതൽ എജുക്കേഷനൽ ഏരിയ വരെയുള്ള ബ്ലൂ കോറിഡോറുമാണ് ആദ്യഘട്ടത്തിലെ രണ്ടുപാതകൾ. ജുഫൈറിൽനിന്ന് തുടങ്ങി ഡിേപ്ലാമാറ്റിക് ഏരിയ-മനാമ-അൽ ഫാറൂഖ്-സൽമാനിയ-ഇൗസ ടൗൺ വഴിയാണ് ബ്ലൂ കോറിഡോർ എജുക്കേഷനൽ ഏരിയയിൽ എത്തുക. ബാബുൽ ബഹ്റൈൻ, സെൻട്രൽ മാർക്കറ്റ് സ്റ്റേഷനുകളിലാണ് ഇൻറർചേഞ്ച് ഉണ്ടാവുക. ബഹ്റൈനിലെ പ്രധാന താമസ, വിദ്യാഭ്യാസ, വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇൗ പാതകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.

