ബഹ്‌റൈനിൽ 62 ചാരിറ്റബിൾ, സോഷ്യൽ, പ്രവാസി ക്ലബ്ബുകൾ പിരിച്ചുവിട്ടു
text_fieldsമനാമ: ബഹ്‌റൈനിലെ വിവിധ ജീവകാരുണ്യ സംഘടനകൾ, യൂത്ത് അഫയേഴ്‌സ് കൂട്ടായ്മകൾ, പ്രൊഫഷണൽ ബോഡികൾ, സാംസ്കാരിക-സാമൂഹിക ക്ഷേമ ക്ലബ്ബുകൾ എന്നിവയുൾപ്പെടെ 62 സംഘടനകൾ പിരിച്ചുവിടാനും ഇവയുടെ സാമ്പത്തിക ഇടപാടുകൾ ലിക്വിഡേറ്റ് ചെയ്യാനും ഉത്തരവ്. സോഷ്യൽ ഡെവലപ്പ്‌മെന്റ് മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 16-ാം നമ്പർ തീരുമാനപ്രകാരമാണ് നടപടി.
പിരിച്ചുവിട്ട 62 സംഘടനകളുടെയും ലിക്വിഡേഷൻ നടപടികൾക്കായി തലാൽ അബു-ഗസാലെ ആൻഡ് പാർട്ണേഴ്‌സ് ഇന്റർനാഷണലിനെ ചുമതലപ്പെടുത്തി. ഉത്തരവ് ഇറങ്ങിയ തീയതി മുതൽ 18 മാസത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
ജീവകാരുണ്യ ട്രസ്റ്റുകൾ, പ്രൊഫഷണൽ മെഡിക്കൽ അസോസിയേഷനുകൾ, പ്രവാസി കൂട്ടായ്മകൾ, പരിസ്ഥിതി ഗ്രൂപ്പുകൾ, വനിതാ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ തുടങ്ങി വലിയൊരു വിഭാഗം സംഘടനകളെ തീരുമാനം ബാധിച്ചിട്ടുണ്ട്. സതേൺ റീജിയൻ ചാരിറ്റബിൾ അസോസിയേഷൻ, അൽ ബറക്ക ചാരിറ്റബിൾ സോഷ്യൽ അസോസിയേഷൻ, ബഹ്‌റൈൻ എൻവയോൺമെന്റ് അസോസിയേഷൻ, ബഹ്‌റൈൻ ചൈൽഡ് സേഫ്റ്റി അസോസിയേഷൻ, ബഹ്‌റൈൻ യൂത്ത് ഫോറം സൊസൈറ്റി എന്നിവ പിരിച്ചുവിട്ടവയിൽ പെടുന്നു.
കൂടാതെ, ബഹ്‌റൈനിലെ ഈജിപ്ഷ്യൻ ക്ലബ്, കൊറിയൻ ക്ലബ്, കുവൈത്ത് സ്റ്റുഡന്റ്സ് ക്ലബ്, ഓസ്‌ട്രേലിയൻസ് അസോസിയേഷൻ, ബഹ്‌റൈൻ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, ബഹ്‌റൈൻ-ഫ്രഞ്ച് ബിസിനസ് ക്ലബ് തുടങ്ങിയ നിരവധി പ്രവാസി, അന്താരാഷ്ട്ര സൗഹൃദ കൂട്ടായ്മകളും പിരിച്ചുവിട്ട സംഘടനകളുടെ പട്ടികയിലുണ്ട്.

