Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന്റെ ആക്രമണങ്ങൾ മറക്കാനാവില്ല: ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കണം; വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഇറാന്റെ ആക്രമണങ്ങൾ മറക്കാനാവില്ല: ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കണം; വിദേശകാര്യ മന്ത്രി
cancel

മനാമ: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൽ തകർക്കുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്ത ഇറാന്റെ ക്രൂരമായ ആക്രമണങ്ങൾ ബഹ്‌റൈൻ ഒരിക്കലും മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി. മനാമയിലെ റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ജി.സി.സി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹുർമുസുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ നടക്കേണ്ടിയിരുന്ന യോഗത്തിൽ ബഹ്‌റൈൻ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സംസാരിക്കവേ, നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാതെ ഇത്തരം ചർച്ചകളിൽ പങ്കെടുക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഫെബ്രുവരി 28-ന് മുൻപുള്ളതുപോലെ ഹുർമുസിലൂടെയുള്ള യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നികുതികളോ വ്യക്തിഗത നിയന്ത്രണങ്ങളോ ഇല്ലാതെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

ഇറാനുമായി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്.

എന്നാൽ സാമ്പത്തിക മേഖലയെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ അവഗണിക്കാൻ കഴിയില്ല. റമദാനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സീഫിലുണ്ടായ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാറ ദഷ്തി എന്ന 29-കാരിയായ ബഹ്‌റൈനി യുവതിയെയും മറ്റ് ഇരകളെയും ബഹ്‌റൈന് അത്രപെട്ടെന്ന് മറക്കാനാകില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പരസ്പര ബഹുമാനം, പരമാധികാരത്തെ മാനിക്കൽ, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ എന്നിവയാണ് ഏതൊരു നയതന്ത്ര ചർച്ചയ്ക്കും മുൻപ് ഉണ്ടാകേണ്ട അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ സംസാരിച്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ബഹ്‌റൈന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ഹുർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ-നയതന്ത്ര പരിഹാരങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി.സി.സി മേഖലയിൽ ഫെബ്രുവരി 28 മുതൽ ഇറാനും ഹൂതികളും നടത്തുന്ന ആക്രമണങ്ങളെ ജി.സി.സി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. 7,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് എയർപോർട്ടുകൾ, ഊർജ്ജ നിലയങ്ങൾ, ജല ശുദ്ധീകരണ ശാലകൾ എന്നിവയ്ക്ക് നേരെ നടന്ന ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീൻ വിഷയത്തിലും വാർത്താസമ്മേളനത്തിൽ ചർച്ചകൾ നടന്നു. 1967-ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി. അതോടൊപ്പം, റഷ്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സാംസ്കാരിക കൈമാറ്റങ്ങൾ, ഭക്ഷ്യസുരക്ഷ, വിനോദസഞ്ചാരം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണവും യോഗത്തിൽ വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Condemns Iran Attacks
Next Story