അൽ ഇസ്തിഖ്ലാൽ വാക്വേ നവീകരണ പദ്ധതി മന്ത്രിയും സംഘവും വിലയിരുത്തി
text_fieldsമനാമ: അൽ ഇസ്തിഖ്ലാൽ വാക്വേ നവീകരണ പദ്ധതി മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറകും സംഘവും വിലയിരുത്തി. ദക്ഷിണ ഗവർണറേറ്റിലെ 934 ബ്ലോക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അൽ ഇസ്തിഖ്ലാൽ വാക്വേ നവീകരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. മന്ത്രിസഭ പാസാക്കിയ വിവിധ നവീകരണ, വികസന പദ്ധതികളുടെ കൂട്ടത്തിലുള്ളതാണ് ഇതും.
വാക്വേകൾക്ക് ഇരുവശവും മരങ്ങളും വൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കുകയും ഹരിത പ്രദേശങ്ങളുടെ വികസനം സാധ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയോടൊപ്പം പാർലമെൻറംഗം മുഹമ്മദ് അൽ റഫാഇ, ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്, ഡയറക്ടർ ഈസ അൽ ബൂഐനൈൻ എന്നിവരെ കൂടാതെ മന്ത്രാലയ ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു.

