മുൻ ബഹ്റൈൻ പ്രവാസിയുടെ മകൾക്ക് അമേരിക്കയിൽ ഒന്നരക്കോടിയുടെ സ്കോളർഷിപ്
text_fieldsശഹാന ശിറിൻ പിതാവ് ആയഞ്ചേരി കിളിയമ്മൽ അബ്ദുല്ലക്കൊപ്പം
മനാമ: അമേരിക്കയിലെ പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുടെ ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ് നേടി ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിൻ. ബഹ്റൈൻ എയർപോർട്ട് സർവിസിൽ കാറ്ററിങ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ആയഞ്ചേരി കിളിയമ്മൽ അബ്ദുല്ലയുടെ മകളാണ്. അഞ്ചുവർഷം നീണ്ട ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പിഎച്ച്.ഡി പ്രോഗ്രാമിലേക്കാണ് സ്കോളർഷിപ്പോടെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ പ്രമുഖ ഗവേഷണ സർവകലാശാലയായ ഐസർ കൊൽക്കത്തയിൽ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. സ്റ്റംസെൽ തെറപ്പിയിലുണ്ടാവുന്ന പ്രശ്നങ്ങളെയും ടി.ആർ.പി ചാനലുകളെയും ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. പുനരുജ്ജീവന സവിശേഷതകളുള്ള സ്റ്റംസെലുകൾ ഒട്ടനവധി രോഗങ്ങളുടെ ചികിത്സയിൽ അനവധി സാധ്യതകൾ വൈദ്യശാസ്ത്രരംഗത്ത് തുറന്നവയാണ്. ഈ കോശങ്ങൾ ട്രാൻസ് പ്ലാന്റേഷനു ശേഷം നേരിടുന്ന പ്രതിസന്ധികളെ ടി.ആർ.പി ചാനലുകളുടെ സഹായത്തോടെ എങ്ങനെ തടയാമെന്നതിനെക്കുറിച്ച് ശഹാനയുടെ ഗവേഷണം പ്രാഥമിക കണ്ടെത്തലുകൾ നൽകിയിട്ടുണ്ട്. ആയഞ്ചേരി റഫാനിയ ഹൈസ്കൂളിൽനിന്ന് വിരമിച്ച ഒ.എം. സാറയാണ് മാതാവ്.

