Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവസ്ഥാ വ്യതിയാനവും യുദ്ധങ്ങളും തിരിച്ചടിയാകുന്നു: ആഗോളതലത്തിൽ ഭക്ഷ്യവില വർധന രൂക്ഷമാകാൻ സാധ്യത

text_fields
bookmark_border
കാലാവസ്ഥാ വ്യതിയാനവും യുദ്ധങ്ങളും തിരിച്ചടിയാകുന്നു: ആഗോളതലത്തിൽ ഭക്ഷ്യവില വർധന രൂക്ഷമാകാൻ സാധ്യത
cancel

അതിർത്തി തർക്കങ്ങളും യുദ്ധങ്ങളും കാരണം തടസ്സപ്പെട്ട കപ്പൽ ഗതാഗതം, വളത്തിന്റെ അമിതവില, എൽ നിനോ മൂലം ഉണ്ടായ വരൾച്ച എന്നിവയെത്തുടർന്ന് ആഗോളതലത്തിൽ ഭക്ഷ്യവില വർധനവ് രൂക്ഷമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ വിലക്കയറ്റം വരും മാസങ്ങളിൽ കൂടുതൽ ശക്തമാകുകയും 2027 വരെ നീണ്ടുനിൽക്കുകയും ചെയ്തേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു

നിലവിലെ സാഹചര്യത്തിൽ ലോകത്തിലെ പല ഭാഗത്തും നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക് വൻ വില വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്തോനേഷ്യയിൽ അരിയുടെ വില റെക്കോഡ് ഉയരത്തിലെത്തി. ഈജിപ്തിൽ സബ്സിഡിയില്ലാത്ത ബ്രെഡിന്റെ വിലയിൽ 25 ശതമാനത്തോളം വർധനവുണ്ടായി. ഇന്ത്യയിൽ ഒരു ദശാബ്ദത്തിലേറെയായി ലഭിച്ച ഏറ്റവും ദുർബലമായ മൺസൂൺ ഉൽപാദനത്തെ ബാധിച്ചതോടെ പഞ്ചസാരവിലയും റെക്കോഡ് നിലയിലെത്തിയിരിക്കുകയാണ്. പാചക എണ്ണ, പയർവർഗങ്ങൾ, ഉള്ളി തുടങ്ങിയവയുടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ എഫ്.എ.ഒയുടെ ഭക്ഷ്യവില സൂചിക സെപ്റ്റംബറിൽ 136 പോയന്റിലെത്തി. 2022 നവംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകബാങ്ക് വിശകലനം ചെയ്ത 150 രാജ്യങ്ങളിൽ 22 ശതമാനത്തിലും ജൂലൈ–സെപ്റ്റംബർ പാദത്തിൽ ഭക്ഷ്യവിലക്കയറ്റം മൊത്തത്തിലുള്ള പണപ്പെരുപ്പത്തേക്കാൾ കൂടുതലായിരുന്നു. മുൻപാദത്തിൽ ഇത് 14 ശതമാനമായിരുന്നു.

കരിങ്കടൽ മേഖലയിലെ ആക്രമണങ്ങൾ ഗോതമ്പ് കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഇതോടെ ഈജിപ്തും ഇന്തോനേഷ്യയും ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതി രാജ്യങ്ങൾ ബദൽ വിതരണക്കാരെ തേടുകയാണ്. ചെങ്കടലിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം കപ്പലുകൾ ആഫ്രിക്ക ചുറ്റിയുള്ള ദീർഘദൂര പാതകൾ സ്വീകരിക്കുന്നതും ചരക്കുനീക്ക ചെലവ് ഉയർത്തുന്നു.

ഇറാനെതിരായ യു.എസ്–ഇസ്രായേൽ യുദ്ധം ഇന്ധനവില വർധിപ്പിക്കുകയും ഹുർമുസ് കടലിടുക്കിലൂടെയുള്ള വളം കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ എൽ നിനോ പ്രതിഭാസം ഇന്ത്യയിലും തെക്കൻ ഏഷ്യയിലും വരൾച്ചക്ക് കാരണമായിട്ടുണ്ട്. ഇത് പ്രധാന ഏഷ്യൻ കയറ്റുമതി രാജ്യങ്ങളിൽ അരിവില 10 മുതൽ 13 ശതമാനം വരെ വർധിക്കാൻ കാരണമായി. ഇന്ത്യയിൽ സെപ്റ്റംബറിൽ പഞ്ചസാര, ഉള്ളി, പയർവർഗങ്ങൾ എന്നിവയുടെ വില മുൻമാസത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം ഉയർന്നതായും റിപ്പോർട്ട് പറയുന്നു.

മുൻ സീസണുകളിലെ മികച്ച വിളവെടുപ്പും ഉയർന്ന ആഗോള ധാന്യശേഖരവും ഇതുവരെ വിലക്കയറ്റത്തിന്റെ ആഘാതം കുറക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഈ കരുതൽശേഖരത്തിനുമേൽ സമ്മർദം വർധിക്കുകയാണെന്ന് എഫ്.എ.ഒ മുഖ്യ സാമ്പത്തിക വിദഗ്ധൻ മാക്സിമോ ടൊറേറോ പറഞ്ഞു. വർഷാവസാനത്തോടെയും അടുത്ത വർഷത്തിന്റെ തുടക്കത്തിലും ഭക്ഷ്യവിലക്കയറ്റത്തിന്റെ ആഘാതം കൂടുതൽ പ്രകടമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭക്ഷ്യവില വർധിക്കുന്നത് ദരിദ്ര കുടുംബങ്ങളുടെ ചെലവുകൾ കൂടുതൽ സമ്മർദത്തിലാക്കുകയും സാമൂഹിക അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യാം. ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ പ്രധാന കയറ്റുമതി രാജ്യങ്ങൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ ആഗോള ലഭ്യത വീണ്ടും കുറയാനും സാധ്യതയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Global food inflation is expected to intensify as supply shocks pile up
Next Story