അയോധ്യ രാമക്ഷേത്ര പ്രസാദത്തിന് ഫുഡ് അതോറിറ്റിയുടെ 'അതി വിശിഷ്ട്' അംഗീകാരം
text_fieldsഅയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർക്കായി തയാറാക്കുന്ന പ്രസാദത്തിന്റെ ശുചിത്വവും സുരക്ഷയും മുൻനിർത്തി രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പുതിയ നേട്ടം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രസാദം ഒരുക്കുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന 'അതി വിശിഷ്ട്' റേറ്റിങ് ക്ഷേത്രത്തിന് ലഭിച്ചു.
FSSAI-യുടെ കീഴിലുള്ള ബി.എച്ച്.ഒ.ജി പദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്. കര്‍ശനമായ പരിശോധനകളിൽ ആകെ 114 പോയിന്റിൽ 103 പോയിന്റും നേടിയാണ് രാമക്ഷേത്രം ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. അടുക്കളയിലെ ശുചിത്വം, വിഭവങ്ങൾ സൂക്ഷിക്കുന്ന രീതികൾ, വിതരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 47 സുരക്ഷാ മാനദണ്ഡങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തിയത്. കൂടാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശീലനവും നൽകിയിരുന്നു.
ഭക്ഷണത്തിന്റെ വൃത്തിയും മതപരമായ പ്രാധാന്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ശ്രീരാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ഗോവിന്ദ് ദേവ് ഗിരി എടുത്തുപറഞ്ഞു. FSSAI ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രജിത് പുൻഹാനിയാണ് ക്ഷേത്ര അധികാരികൾക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്. "പ്രസാദം വെറുമൊരു ഭക്ഷണമല്ല, മറിച്ച് വിശ്വാസത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്," അദ്ദേഹം ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ഈ അംഗീകാരത്തിന് രണ്ട് വർഷത്തെ കാലാവധിയാണ് ഉള്ളത്. ഈ കാലയളവിൽ ക്ഷേത്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന അധികാരികൾ തുടർ പരിശോധനകൾ നടത്തും. ഇതിനുപുറമെ ക്ഷേത്ര ട്രസ്റ്റും ഓരോ 15 ദിവസത്തിലൊരിക്കൽ ആന്തരിക പരിശോധനകൾ നടത്തും. രാമക്ഷേത്രത്തിന് പുറമെ അയോധ്യയിലെ ഹനുമാൻഗഡ്, കനക് ഭവൻ, ഒരു ജൈനക്ഷേത്രം, ദേവകാളി ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള മറ്റ് അഞ്ച് ആരാധനാലയങ്ങൾക്കും ഈ പ്രത്യേക സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

