Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോളതാപനം റഷ്യക്ക് അനുഗ്രഹമോ?; പുതിയ വ്യാപാരപാതയിൽ സാധ്യത തേടി ഇന്ത്യയും

text_fields
bookmark_border
ആഗോളതാപനം റഷ്യക്ക് അനുഗ്രഹമോ?; പുതിയ വ്യാപാരപാതയിൽ സാധ്യത തേടി ഇന്ത്യയും
cancel

മോസ്കോ: ആഗോളതാപനം ഭൂമിക്ക് വലിയൊരു പാരിസ്ഥിതിക ഭീഷണിയായി തുടരുമ്പോഴും, ആർട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് റഷ്യക്ക് പുതിയ സാമ്പത്തിക-വ്യാപാര സാധ്യതകൾ തുറന്നു നൽകും. എന്നാൽ അതേസമയം, ലോകത്തിന്‍റെ ശീതീകരിച്ച ഈ മേൽക്കൂര ഇപ്പോൾ വൻകിട ശക്തികൾ തമ്മിലുള്ള പുതിയ സൈനിക-ഭൂരാഷ്ട്രീയ മത്സരങ്ങളുടെ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്.

ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് ആർട്ടിക് മേഖലയിൽ ചൂട് വർധിക്കുന്നത്. 2030ഓടെ ഇവിടെ ആദ്യമായി മഞ്ഞില്ലാത്ത വേനൽക്കാലം ഉണ്ടായേക്കാമെന്നാണ് യു.എസ് പ്രതിരോധ വകുപ്പിന്‍റെ 2024ലെ ആർട്ടിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മഞ്ഞുരുകുന്നത് വഴി ‘നോർത്തേൺ സീ റൂട്ട്’ പോലുള്ള പുതിയ കപ്പൽ മാർഗങ്ങൾ റഷ്യക്ക് ലഭിക്കുന്നുണ്ട്. 2025ൽ ഈ റൂട്ടിലൂടെ നൂറിലധികം കപ്പലുകൾ ചരക്കുനീക്കം നടത്തുകയും മൂന്ന് ദശലക്ഷത്തിലധികം മെട്രിക് ടൺ ചരക്കുകൾ കൊണ്ടുപോകുകയും ചെയ്തു. ഇത് എണ്ണ, വാതകം, ധാതുക്കൾ എന്നിവ ഏഷ്യൻ വിപണികളിലേക്ക് കയറ്റി അയക്കാൻ റഷ്യയെ സഹായിക്കുന്നു.

എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം വലിയ വെല്ലുവിളികളും റഷ്യയെ കാത്തിരിക്കുന്നുണ്ട്. റഷ്യയുടെ വലിയൊരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉറഞ്ഞുകിടക്കുന്ന മണ്ണായ 'പെർമാഫ്രോസ്റ്റ്' ഉരുകുന്നത് കെട്ടിടങ്ങൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നതും റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കാം.

ആർട്ടിക് മേഖലയിലെ 8 രാജ്യങ്ങളിൽ ഫിൻലൻഡും സ്വീഡനും ഉൾപ്പെടെ 7 രാജ്യങ്ങളും ഇപ്പോൾ നാറ്റോയുടെ ഭാഗമാണ്. റഷ്യ മാത്രമാണ് ഇതിന് പുറത്തുള്ളത്. ഇത് മേഖലയിൽ 'നാറ്റോ 7 വേഴ്സസ് റഷ്യ' എന്ന ശക്തമായ ചേരിതിരിവിന് കാരണമായിട്ടുണ്ട്.

മറുവശത്ത്, റഷ്യ തങ്ങളുടെ പഴയ സോവിയറ്റ് കാലത്തെ സൈനിക ഔട്ട്‌പോസ്റ്റുകൾ സജീവമാക്കുകയും, അത്യാധുനിക എസ്-400 മിസൈൽ സംവിധാനങ്ങളും ലോകത്തിലെ ഏറ്റവും വലിയ ഐസ് ബ്രേക്കർ കപ്പൽ ശേഖരവും ഒരുക്കി ആർട്ടിക് മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.

യൂറോപ്പിനും വടക്കേ അമേരിക്കക്കുമിടയിലുള്ള ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഈ മേഖലയിലെ മത്സരങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അമേരിക്കയുടെയും ഡെൻമാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും നേതൃത്വത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങൾക്കായി പുതിയ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെന്നത് ഈ പ്രദേശത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ആർട്ടിക് മേഖലയിലെ മാറ്റങ്ങൾ ഇന്ത്യയുടെ സാമ്പത്തിക, സൈനിക താൽപര്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്. സൂയസ് കനാൽ വഴിയുള്ള ചരക്കുനീക്കത്തിൽ തടസ്സങ്ങൾ ഉണ്ടായാൽ വടക്കൻ കടൽ പാത ഒരു ബദൽ മാർഗമായി ഉപയോഗിക്കാൻ കഴിയുമോ എന്ന് ഇന്ത്യ പരിശോധിക്കുന്നുണ്ട്. കൂടാതെ സമുദ്രത്തിലെ സഞ്ചാര സ്വാതന്ത്ര്യവും മേഖലയിലെ സമാധാനവും ഉറപ്പാക്കുന്നതിൽ ഇന്ത്യയും സജീവമായ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ചൂടുപിടിക്കുന്ന ആർട്ടിക് മേഖല വരുംകാലങ്ങളിൽ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള പുതിയ തർക്കങ്ങൾക്കും സാമ്പത്തിക മാറ്റങ്ങൾക്കും വേദിയാകുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Warming Arctic Chilling Power Game
Next Story