അടുത്ത നാല് ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsയു.എ.ഇ: രാജ്യത്ത് അടുത്ത നാല് ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് യു.എ.ഇ നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) പ്രവചിച്ചു. ഒക്ടോബർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയോടെ രാജ്യത്തിന്‍റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിൽ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.
ഒക്ടോബർ 12, 13 തിയതികളിൽ ഉൾനാടൻ പ്രദേശങ്ങളിലും കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലും ഉച്ചയോടെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നതിനാൽ മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റ് വീശാം. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 14 ബുധനാഴ്ചയും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. മഴക്കുള്ള സാധ്യത ബുധനാഴ്ചയും നിലനിൽക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ചിലയിടങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പൊതുവെ കടൽ ശാന്തമായിരിക്കും.

