Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'

text_fields
bookmark_border
deva
cancel
camera_alt

ദേവ

തമിഴ് സിനിമാ സംഗീത ലോകത്ത് സവിശേഷമായ ഒരു കാലഘട്ടത്തിന് നേതൃത്വം നൽകിയ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ മൈലാപ്പൂരിലായിരുന്നു അന്ത്യം. പെട്ടെന്ന് അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ നൂറുകണക്കിന് ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള ദേവയുടെ വിയോഗം സിനിമാ ലോകത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

1950 നവംബർ 20ന് ദേവനേഷേൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, 1980കളുടെ അവസാനത്തിലും 1990കളിലുമാണ് തമിഴ് സിനിമയുടെ മുൻനിര സംഗീതസംവിധായകനായി ഉയർന്നു വന്നത്. ചെന്നൈ നഗരത്തിന്റെ തനത് സംഗീത ശൈലി ഗാനങ്ങളെ മുഖ്യധാരാ സിനിമാ സംഗീതത്തിലേക്ക് വിജയകരമായി കൊണ്ടുവന്നതിൽ ദേവയുടെ പങ്ക് സമാനതകളില്ലാത്തതാണ്.

തമിഴ് ചലച്ചിത്ര സംഗീതത്തിൽ 'തേനിസൈ തെൻട്രൽ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ചെന്നൈയുടെ സ്വന്തം 'ഗാന' സംഗീത ശാഖയെ മുഖ്യധാരാ സിനിമകളിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചു. ആവേശം നിറക്കുന്ന നാടൻ ഈണങ്ങളും ആത്മാവിനെ സ്പർശിക്കുന്ന പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. രജനികാന്ത്, അജിത്, വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾക്ക് അദ്ദേഹം ഈണമൊരുക്കിയിട്ടുണ്ട്.

തമിഴ് സിനിമാ സംഗീതത്തിന്റെ സുവർണ്ണകാലമായ 1990കളിൽ എക്കാലത്തെയും വലിയ വാണിജ്യ വിജയ ചിത്രങ്ങളുടെ സംഗീത ശിൽപ്പിയാകാൻ സംഗീതസംവിധായകൻ ദേവക്ക് സാധിച്ചു. അന്നത്തെ മുൻനിര നായകന്മാരുടെയെല്ലാം സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം ഈണമൊരുക്കി. രജനികാന്ത് ചിത്രങ്ങളായ അണ്ണാമലൈ, ബാഷ, അജിത്തിന്‍റെ ആസൈ, കാതൽ കോട്ടൈ, വാലി, വിജയ് യുടെ നേർക്കു നേർ, നിനൈത്തേൻ വന്തായ്, പ്രിയമുദൻ, ഖുഷി തുടങ്ങി നാനൂറിലധികം സിനിമകളിൽ ദേവ സംഗീതസംവിധാനം ഒരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർഹിറ്റാണ്. ഫാന്‍റം സിനിമയിലെ വിരൽ തൊട്ടാൽ എന്ന ഗാനവും ദേവയുടെ മാന്ത്രികതയിൽ വിരിഞ്ഞതാണ്.

തമിഴ് സംഗീത ലോകത്തെ സമഗ്ര സംഭാവനകൾ മാനിച്ച് തമിഴ്നാട് സർക്കാരിന്റെ പ്രശസ്തമായ 'കലൈമാമണി' പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ 'ആസൈ' എന്ന ചിത്രത്തിലെ മികച്ച സംഗീതത്തിന് തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

ദേവയുടെ സംഗീത പാരമ്പര്യം കുടുംബത്തിലൂടെയും മുന്നോട്ട് നയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ദേവയും സഹോദരന്മാരായ സബേഷ്, മുരളി എന്നിവരും തമിഴ് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായി പ്രവർത്തിച്ചവരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Veteran musician Deva passes away at 75
Next Story