Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനസ്സിൽ പതിഞ്ഞ ഈണങ്ങൾ, മറക്കാനാവാത്ത പാട്ടുകൾ; ഒരു കാലഘട്ടത്തിന്‍റെ നൊസ്റ്റാൾജിയയായ തേനിസൈ തെൻട്രൽ...

text_fields
bookmark_border
deva
cancel
camera_alt

ദേവ

തമിഴ് ചലച്ചിത്ര സംഗീതത്തിൽ ദേവാ എന്ന പേര് കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചെന്നൈ നഗരത്തിന്റെ നെഞ്ചിടിപ്പ് പോലെ മുഴങ്ങുന്ന ചടുലമായ ഗാനങ്ങളാണ്. ഒപ്പം നെഞ്ചിൽ തൊടുന്ന പ്രണയ ഈണങ്ങളും. തൊണ്ണൂറുകളുടെ തുടക്കത്തിൽ തമിഴകത്തെ തിയറ്ററുകളിൽ ആവേശം വിതറാനും, അതേസമയം ശാന്തമായ രാത്രികളിൽ എഫ്.എം റേഡിയോകളിൽ തേൻമഴയായി പെയ്യാനും ദേവസംഗീതത്തിന് കഴിഞ്ഞിരുന്നു.

ചെന്നൈയിലെ തെരുവുകളിൽ സാധാരണക്കാർ പാടിനടന്ന 'ഗാന' സംഗീത രൂപത്തെ സിനിമാ മേഖലയിലെത്തിച്ച് അതിന് രാജകീയ പദവി നൽകിയത് ദേവയാണ്. അന്നുവരെ ക്ലാസിക്കൽ, മെലഡി ശൈലികൾ മാത്രം വാണിരുന്ന തമിഴ് സ്ക്രീനുകളിലേക്ക് തെരുവിന്റെ തനത് താളത്തെയും വാമൊഴികളെയും അദ്ദേഹം ധൈര്യത്തോടെ പ്രതിഷ്ഠിച്ചു. രജനികാന്തിന്റെ 'അണ്ണാമലൈ' എന്ന ചിത്രത്തിലെ ‘വന്തേൻ പാൽക്കാരൻ...’ എന്ന ഗാനം കേട്ട് ആവേശം കൊള്ളാത്ത സിനിമ പ്രേമികൾ ഉണ്ടാകില്ല.

ഒരു സൂപ്പർതാരത്തിന്റെ ഇൻട്രൊഡക്ഷൻ പാട്ട് എങ്ങനെയായിരിക്കണം എന്നതിന് പുതിയൊരു നിർവചനം എഴുതുകയായിരുന്നു ദേവ ഈ പാട്ടിലൂടെ. ‘ബാഷയിലെ നാൻ ഓട്ടോക്കാരൻ ഓട്ടോക്കാരൻ...’ എന്ന ഗാനം തമിഴ്നാട്ടിലെയും കേരളത്തിലെയും ഓട്ടോറിക്ഷ തൊഴിലാളികളുടെ ഔദ്യോഗിക ഗാനം പോലെയായി മാറി. തമിഴകത്തെ തെരുവുകളിൽ ഇന്നും ഈ പാട്ടിന് പ്രത്യേക ഫാൻബേസുണ്ട്.

ആവേശകരമായ ഡാൻസ് പാട്ടുകൾ മാത്രമല്ല, മനോഹര മെലഡികളും തന്റെ കൈകളിൽ ഭദ്രമാണെന്ന് ദേവ തെളിയിച്ചു. അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്ന പ്രണയഗാനങ്ങൾക്ക് വല്ലാത്ത ഒരു ആഴവുമുണ്ടായിരുന്നു. എസ്‌.ജെ. സൂര്യ സംവിധാനം ചെയ്ത 'ഖുഷി'യിലെ ‘മേഘം കറുകുത്...’ എന്ന ഗാനം തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച മഴപ്പാട്ടുകളിൽ ഒന്നാണ്. ജ്യോതികയുടെ പ്രകടനവും ഭാവങ്ങളും ഒപ്പം ദേവയുടെ സംഗീതവും ചേർന്നപ്പോൾ അതൊരു വിഷ്വൽ-ഓഡിയോ വിരുന്നായി മാറി. മഴയുടെ പ്രണയാർദ്രതയെയും കുസൃതികളെയും സംഗീതത്തിലൂടെ ഇത്രത്തോളം മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു ഗാനമില്ലെന്ന് തന്നെ പറയാം.

അതുപോലെ തന്നെ 'ഖുഷി'യിൽ ദേവ തീർത്ത മറ്റൊരു വിസ്ഫോടനമായിരുന്നു ‘കട്ടിപ്പുടി കട്ടിപ്പുടി ടാ...’ എന്ന ഗാനം. തൊണ്ണൂറുകളുടെ അവസാനത്തെ ഏറ്റവും വലിയ ചെന്നൈൻ പാർട്ടി ആന്തം ആയിരുന്നു ആ ഗാനം. വിജയ്‌യുടെയും ജ്യോതികയുടെയും തകർപ്പൻ നൃത്തച്ചുവടുകൾ കൊണ്ടും ഊർജ്ജം തുളുമ്പുന്ന ആലാപനം കൊണ്ടും തമിഴകത്ത് തരംഗം സൃഷ്ടിച്ച ഗാനമാണ് ഖുഷിയിലെ തന്നെ 'ഒരു പൊണ്ണ് ഒന്നു താ...'.

വിജയ്‌-ജ്യോതിക മാസ് കോമ്പോയും ഒപ്പം തിയറ്ററുകളിൽ ആരാധകരെ ഒരേപോലെ ഇളക്കിമറിക്കാൻ പോന്ന ദേവയുടെ ഫാസ്റ്റ് ബീറ്റുകളും ചേർന്നപ്പോൾ ഈ ഗാനം തിയറ്ററുകളിൽ ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയത്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും കോളജ് കൾച്ചറിനെയും യൂത്ത് ട്രെൻഡുകളെയും സ്വാധീനിച്ചതിൽ ഈ പാട്ടിനും ദേവയുടെ ഊർജ്ജസ്വലമായ സംഗീതത്തിനും വളരെ വലിയൊരു പങ്കുണ്ട്.

മലയാളികളുടെ ഹൃദയത്തിലേക്ക് ദേവ പകർന്നുനൽകിയ ഏറ്റവും മനോഹരമായ പ്രണയസൗന്ദര്യമാണ് ഫാന്‍റം സിനിമയിലെ ‘വിരൽ തൊട്ടാൽ വിരിയുന്ന...’ എന്ന ഗാനം. മലയാളത്തിന്റെ തനതായ ഗ്രാമീണ സൗന്ദര്യവും വരികളുടെ ശുദ്ധിയും ചോർന്നുപോകാതെ, അതിലേക്ക് ദേവ നൽകിയ സംഗീതം ഇന്നും മലയാളി സംഗീതപ്രേമികളുടെ ഹൃദയത്തിൽ പച്ചപിടിച്ചുനിൽക്കുന്നു.

പരസ്പരം കാണാതെ കത്തുകളിലൂടെ പ്രണയിക്കുന്ന രണ്ടുപേരുടെ കഥ പറഞ്ഞ ചിത്രത്തിലെ ‘നലമൊ ഒരു നലം അറിയൽ വേണ്ടുമെ...’ എന്ന പാട്ട് പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും അനശ്വരമായ പ്രതീകമാണ്. ഓരോ വരികൾക്കും ഇടയിലുള്ള ദേവയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായ 'വാലി'യിലെ ‘ഏപ്രിൽ മാതത്തിൽ...’ പോലുള്ള ഗാനങ്ങൾ വെസ്റ്റേൺ ഫ്യൂഷന്റെയും മെലഡിയുടെയും മനോഹരമായ സംയോജനമായിരുന്നു.

സംഗീതത്തിലെ ക്ലാസിക്കൽ കഠിന നിയമങ്ങളെക്കാൾ ഉപരി കേൾവിക്കാരന്റെ ഹൃദയമിടിപ്പിനാണ് ദേവ പ്രാധാന്യം നൽകിയത്. നഗരവീഥികളിലെ ഓട്ടോറിക്ഷകളുടെ ശബ്ദവും, മഴയുടെ നനവും, ഗ്രാമങ്ങളിലെ പ്രണയവും എല്ലാം തന്റെ സംഗീതത്തിലൂടെ ദേവ വരച്ചുകാട്ടി. അതുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങൾ 'തേനിസൈ തെൻട്രൽ' (തേൻമഴ പൊഴിക്കുന്ന തെന്നൽ) എന്ന് സ്നേഹത്തോടെ വിളിച്ചത്. കാസറ്റുകളുടെയും സി.ഡികളുടെയും കാലം മാറി ഡിജിറ്റൽ യുഗത്തിലെത്തി നിൽക്കുമ്പോഴും, ആഘോഷപ്പറമ്പുകളിലും പ്രണയാർദ്രമായ നിമിഷങ്ങളിലും ദേവയുടെ പാട്ടുകൾ ഉയർന്നു കേൾക്കുന്നു. തലമുറകളെ തഴുകിയൊഴുകുന്ന ആ സംഗീത തെന്നലിന് മരണമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Timeless Melodies of Deva's Era
Next Story