16 വർഷങ്ങൾക്ക് ശേഷം അന്യന് ബോളിവുഡ് റീമേക്ക്; നായകനായി എത്തുന്നത് ഈ യുവ താരം
text_fieldsതമിഴ് നടൻ വിക്രം അഭിനയിച്ച് ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രമാണ് 'അന്യൻ'. 16 വർഷങ്ങൾക്കിപ്പുറവും സൈക്കളോജിക്കൽ ത്രില്ലർ ചിത്രത്തിന് സ്വന്തമായൊരു ഫാൻബേസുണ്ട്. എന്നാൽ ഇപ്പോൾ സിനിമ സ്നേഹികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ശങ്കർ.
അന്യനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ചിത്രം വർത്തമാനകാലത്തേക്ക് പുനരാവിഷ്കരിക്കാൻ ഒരുങ്ങുകയാണ് ശങ്കർ. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ രൺവീർ സിങ്ങാണ് നായകനായി എത്തുന്നത്. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയിൽ സാമൂഹിക മാധ്യമങ്ങളിൽ ശങ്കർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. 2022 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.
'പാൻ-ഇന്ത്യൻ പ്രേക്ഷകർക്കായി ഈ ചിത്രം ഒരുക്കുന്ന ത്രില്ലിലാണ് ഞാൻ. മാത്രമല്ല ശക്തമായ കഥ എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിക്കുമെന്ന് ഉറപ്പുണ്ട്. രാജ്യമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഉള്ളടക്കത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു നിർമാതാവിനെ ജയന്തിലാൽ ഗഡയിൽ രൺവീറും ഞാനും കണ്ടെത്തി' -ശങ്കർ പറഞ്ഞു.
2005ൽ പുറത്തിറങ്ങിയ അന്യനിൽ 'മൾടിപ്ൾ പേഴ്സനാലിറ്റി ഡിസോഡർ' ബാധിച്ച വ്യക്തിയുടെ വേഷമായിരുന്നു വിക്രം കൈകാര്യം ചെയ്തിരുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഏവരെയും ഞെട്ടിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് അന്യൻ. ഹിന്ദിയിൽ 'അപരിചിത്' തെലുഗുവിൽ 'അപരിചിതുടു' എന്നീ പേരിലും മൊഴിമാറ്റിയിരുന്നു. ചിത്രത്തിന് മികച്ച സ്പെഷ്യൽ എഫക്ടിനുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
സദ, നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അന്യൻ 53ാമത് ഫിലിം ഫെയർ അവാർഡിൽ (സൗത്ത്) മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി.
റിലീസ് സമയത്ത് ചിത്രത്തിന് കേരളത്തിലും വൻ വരവേൽപായിരുന്നു ലഭിച്ചിരുന്നത്. ശങ്കറിന്റെ കഥക്ക് സുജാതയാണ് സംഭാഷണങ്ങൾ ഒരുക്കിയത്. ആസ്കാര് ഫിലിംസിന്റെ ബാനറില്‍ വി. രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി.

