'മാൻ ഓഫ് ആക്ഷൻ'; വൈശാഖും ഉണ്ണിമുകുന്ദനും ഒരുമിക്കുന്ന 'ബ്രൂസ്ലി' ഒരുങ്ങുന്നു
text_fieldsആരാധകർക്ക് ജന്മദിന സമ്മാനമായി 'ബ്രൂസ്ലി' പ്രഖ്യാപിച്ച് യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ആദ്യമായി നിർമാതാവിൻെറ േവഷമണിയുന്ന ചിത്രം ഹിറ്റ്മേക്കർ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. മല്ലുസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും ഉണ്ണിയും ഒരുമിക്കുന്ന ചിത്രമാണിത്.
മലയാള താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് എന്നിവർ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിൻെറ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.
പുലിമുരുകൻ, മധുരരാജ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വൈശാഖും ഉദയ്കൃഷ്ണയും കൈകോർക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തോക്ക് കൈയ്യിലേന്തി മാസ് ഗെറ്റപ്പിലാണ് പോസ്റ്ററിൽ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. 'മാൻ ഓഫ് ആക്ഷൻ' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രം 25 കോടി ബജറ്റിൽ ഒരുക്കാനാണ് പദ്ധതിയിടുന്നത്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ അടുത്ത വർഷമാകും ചിത്രീകരണം ആരംഭിക്കുന്നത്.
ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ. വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലാകും ഉണ്ണി ഇനി അഭിനയിക്കുക.

