ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ചിത്രം ‘ടൈറ്റൻസി’ന്റെ ടീസർ പുറത്ത്; അഡ്വാൻസ് ബുക്കിങ് തുടങ്ങി
text_fieldsജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് ടീസറും പുറത്തുവിട്ടു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് റിലീസ് ടീസർ നൽകുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളും രസകരമായ മുഹൂർത്തങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളും ടീസറിലുണ്ട്.
നേരത്തേ പുറത്തിറങ്ങിയ ട്രെയിലറും ചിത്രത്തിന്റെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ജയസൂര്യക്കും വിനായകനുമൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജെയിംസ് സെബാസ്റ്റ്യനാണ്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
‘എബ്രഹാം ഓസ്ലർ’ക്കു ശേഷം നേരമ്പോക്ക് ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് നിർമാണം. വിഷ്ണു ശർമയാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്നു. കേരളത്തിൽ മാജിക് ഫ്രെയിംസും വിദേശ വിപണികളിൽ ഫാർസ് ഫിലിംസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

