തിയറ്ററിൽ വൻ വിജയം, ഒടിടിയിൽ ട്രോളുകൾ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഷഹാദ് നിലമ്പൂർ
text_fieldsകോഴിക്കോട്: തിയറ്ററുകളിൽ വലിയ ബോക്സ്ഓഫീസ് വിജയവും അമ്പത് കോടിയിലധികം കളക്ഷനും നേടിയ ചിത്രങ്ങൾ ഒടിടിയിലെത്തുമ്പോൾ വിപരീത പ്രതികരണങ്ങൾ നേരിടുന്നത് പുതിയ സംഭവമല്ല. 'ഹൃദയം', 'വർഷങ്ങൾക്കു ശേഷം', 'വാഴ' തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്ക് ഒടുവിൽ എത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത് നായികയായ ക്രൈം ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. തിയേറ്ററിൽ കോടികൾ വാരിയ ചിത്രം സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ട്രോളുകളും വിമർശനങ്ങളുമാണ് നേരിടുന്നത്.
ഈ പശ്ചാത്തലത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഷഹാദ് നിലമ്പൂർ രംഗത്തെത്തി. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ സമാനമായ പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്.
"ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ക്രിയാത്മക സ്വാതന്ത്ര്യം (creative liberties) എടുത്തിട്ടുണ്ട്. ഇതൊരു ഡോക്യുമെന്ററിയോ പൂർണ്ണമായും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ല. ചിത്രം കൂടുതൽ രസകരമാക്കാൻ ഞങ്ങൾ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്. ഓരോ രംഗവും മികച്ചതാക്കാൻ ഞങ്ങൾ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്തു. കഥാപാത്രങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തിനും കൃത്യമായ കാരണവും യുക്തിയും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു"- ഷഹാദ് പറഞ്ഞു.
പ്രേക്ഷകരെ ഒന്നിനും 'സ്പൂൺ ഫീഡ്' (spoon-feed) ചെയ്യാൻ തങ്ങളും എഴുത്തുകാരായ പി.എസ്. സുബ്രഹ്മണ്യൻ, വിജേഷ് തൊട്ടിയിൽ എന്നിവർ ആദ്യം മുതലേ ആഗ്രഹിച്ചിരുന്നില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ പ്രേക്ഷകരെ തെറ്റായി വിലയിരുത്തുകയായിരുന്നോ എന്ന് സംശയിക്കുന്നതായി അദ്ദേഹം സമ്മതിച്ചു.
"സിനിമയെ അനുകൂലിച്ചും വിമർശിച്ചും പോസിറ്റീവായും നെഗറ്റീവായും അപഗ്രഥിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നാൽ ആളുകൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന പല ലൂപ്പ്ഹോളുകളും (loopholes) സിനിമയിൽ തന്നെ കൃത്യമായി ഉത്തരം നൽകിയിട്ടുള്ള കാര്യങ്ങളാണ്"- അദ്ദേഹം ചൂണ്ടിക്കാട്ടി.
"എല്ലാ കാര്യങ്ങളും വിശദീകരിച്ച് പ്രേക്ഷകരെ ഊട്ടുന്ന രീതിയിലുള്ള ചിത്രങ്ങൾ വരുമ്പോൾ, തങ്ങളെ ചെറുതായി കാണുന്നുവെന്ന് പ്രേക്ഷകർ പരാതിപ്പെടാറുണ്ട്. ആ അവസ്ഥ ഒഴിവാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് പ്രേക്ഷകരെ അളക്കുന്നതിൽ പിഴവുപറ്റി"- ഷഹാദ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവത്തിൽ നിന്നാണ് കഥയുടെ അടിസ്ഥാനം രൂപീകരിച്ചതെന്നും, അത് കണ്ട് ചിത്രം ഒരു ഫിക്ഷൻ കൃതിയായി കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായ 'ദൃശ്യ'വുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'ക്ക് പല സന്ദർഭങ്ങളിലും സമാനതകളുണ്ടെന്ന വിമർശനത്തോടും സംവിധായകൻ പ്രതികരിച്ചു. ഇന്ത്യൻ സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ 'ദൃശ്യ'വുമായി സിനിമയെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും, അതൊരു ഭാരമായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, അഷീസ് നെടുമങ്ങാട്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥയിലെ ചില പോരായ്മകളും 'ദൃശ്യ'വുമായുള്ള പ്രകടമായ സാദൃശ്യങ്ങളും സിനിമയുടെ മാറ്റ് കുറച്ചതായി നിരൂപണങ്ങൾ ഉയർന്നിരുന്നു.

