ശങ്കറിന്റെ അടുത്ത ചിത്രത്തിലെ നായകൻ തെലുഗു സൂപ്പർ താരം; ചിത്രമെത്തുക മൂന്ന് ഭാഷകളിൽ
text_fieldsബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ അടുത്ത ചിത്രത്തിൽ തെലുഗു സൂപ്പർ താരം രാം ചരൺ നായകൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാകും തിയറ്ററിൽ എത്തുക. 2022ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
തെലുഗു സൂപ്പർ താരം ചിരഞ്ജീവിയുടെ മകനായ രാംചരണിന്റെ 15ാമത്തെ ചിത്രമാകും ഇത്. ശ്രീവെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ഷിരീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. രാം ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകൾ വളരെ വലുതായിരിക്കും. സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമിക്കും. അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും പേരുകൾ ഉടൻ വെളിപ്പെടുത്തും' -ദിൽ രാജു പറഞ്ഞു.
എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആറിലാണ് രാംചരൺ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിരഞ്ജീവിയുടെ 'ആചാര്യ' എന്ന ചിത്രത്തിൽ സഹനടന്റെ റോളിൽ രാംചരൺ അഭിനയിച്ചിരുന്നു. കൊറട്ല ശിവ സംവിധാനം ചെയ്ത ആചാര്യ മെയ് 13ന് തിയറ്ററുകളിലെത്തും. കാജൽ അഗർവാളും സോനൂ സൂദുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഉലകനായകൻ കമൽഹാസന്റെ 'ഇന്ത്യൻ 2' ആണ് ശങ്കറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

