പ്രേമലുവിന് ശേഷം നസ്ലെൻ-ഗിരീഷ് എ.ഡി ടീം വീണ്ടും;'ഐ ആം കാതലൻ' ആഗസ്റ്റിൽ
text_fieldsതണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം കാതലൻ'. നസ്ലെൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ആഗസ്റ്റ് ഒന്നിന് തിയറ്ററുകളിലെത്തുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പുതുമുഖ താരം അനിഷ്‌മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്.
പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ ആണ്. എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പി ആർ ഒ - ശബരി. ആഗസ്റ്റ് മാസത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നസ്ലെൻ- ഗിരീഷ് എ.ഡി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ പ്രേമലു വൻ വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. പ്രേമലുവിന്റെ രണ്ടാം രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷർ. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

