‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ ഇനി ഡാർക്ക് ത്രില്ലർ; പുതിയ സീരീസ് പ്രഖ്യാപിച്ച് കരൺ ജോഹർ
text_fieldsബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' 14 വർഷം പൂർത്തിയാക്കുന്ന വേളയിൽ, തികച്ചും വ്യത്യസ്തമായ പ്രമേയവുമായി പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. 'സ്റ്റുഡന്റ് ഓഫ് ദി ഇയർ: ആഫ്റ്റർ ഡാർക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയിൽ ഷനായാ കപൂറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുൻ ചിത്രങ്ങളിലെ തിളക്കമാർന്ന ക്യാമ്പസ് ആഘോഷങ്ങൾക്ക് പകരം ദുരൂഹതയും ത്രില്ലറും രക്തച്ചൊരിച്ചിലും നിറഞ്ഞ ഇരുണ്ട കഥാപശ്ചാത്തലത്തിലാണ് പുതിയ വെബ് സീരീസ് ഒരുങ്ങുന്നത്. ചോരപുരണ്ട ലുക്കിലുള്ള ഷനയാ കപൂറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കരൺ ജോഹർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ സീരീസിൽ ഷനയ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
റീമ മായ സംവിധാനം ചെയ്യുന്ന ഈ ചിത്രം ധർമ്മാറ്റിക് എന്റർടൈൻമെന്റിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ്വ മേത്ത എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജിയോ ഹോട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുക. തങ്ങളുടെ പരിചിതമായ ശൈലികളിൽ നിന്ന് മാറി യുവതലമുറക്കായി കൂടുതൽ ദൃശ്യാനുഭവം നൽകുന്ന ത്രില്ലർ സീരീസായിരിക്കും ഇതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
2012ൽ പുറത്തിറങ്ങിയ ആദ്യ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' ചിത്രത്തിലൂടെയാണ് ആലിയ ഭട്ട്, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2019ൽ ടൈഗർ ഷ്രോഫ്, അനന്യ പാണ്ഡെ, താരാ സുതാരിയ എന്നിവരെ അണിനിരത്തി ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.
ഇപ്പോൾ ‘ആഫ്റ്റർ ഡാർക്ക്’ എന്ന പുതിയ സീരീസിലൂടെ ഫ്രാഞ്ചൈസിയുടെ പരിചിതമായ ക്യാമ്പസ് ലോകത്തിന് കൂടുതൽ ഇരുണ്ടതും ദുരൂഹത നിറഞ്ഞതുമായ മുഖം നൽകാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സീരീസിന്റെ റിലീസ് തീയതിയും എപ്പോൾ എവിടെ കാണാനാകുമെന്ന വിവരങ്ങളും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

