മാസ് ലുക്കിൽ ചന്തു സലിംകുമാർ; 'ബാച്ച്‌ലർ പാർട്ടി Deux' പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
text_fieldsഅമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'ലെ തോക്കുമേന്തി മാസ് ലുക്കിൽ നിൽക്കുന്ന ചന്തു സലിം കുമാറിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'മമ്മു' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചന്തു അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം നവംബർ 19-ന് തിയേറ്ററുകളിലെത്തും.
2012-ൽ പുറത്തിറങ്ങി തരംഗമായ 'ബാച്ച്‌ലർ പാർട്ടി' 14 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗവുമായി എത്തുന്നത് തികച്ചും ജെൻ-സി ട്രെൻഡിലാണ്. റെഡ്-ഗോൾഡൻ റെട്രോ തീമിൽ എത്തിയ ഫസ്റ്റ് ലുക്ക് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്രേക്ഷകർ കൾട്ട് ക്ലാസിക്കായി ഏറ്റെടുത്ത ചിത്രത്തിന്റെ രണ്ടാം വരവിനായി ഏറെ ആകാംക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
'രണ്ട്' എന്നും 'അവരെക്കുറിച്ച്' എന്നും അർത്ഥം വരുന്ന 'D'EUX' എന്ന ഫ്രഞ്ച് വാക്കിനെ തലക്കെട്ടോട് ചേർത്തുപിടിച്ചാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ യുവതാരങ്ങളെയും മുൻനിര അഭിനേതാക്കളെയും ഒരുമിച്ച് അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണത്തെ സിനിമാവിരുന്ന് ഒരുക്കുന്നത്.
നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം പകരുന്നത്. ഉണ്ണി ആർ. സംഭാഷണമെഴുതിയ ചിത്രത്തിലെ ഗാനങ്ങൾ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ്. തപസ് നായക് (സൗണ്ട് ഡിസൈൻ), ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ), മഷർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

