വിജയ്- ഷാറൂഖ് ഖാൻ ചിത്രം , തിരക്കഥ ഒരുങ്ങുന്നു; വെളിപ്പെടുത്തി സംവിധായകൻ ആറ്റ്‌ലി
text_fieldsഷാറൂഖ് ഖാനും വിജയ് യും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ ആറ്റ്‌ലി. ചിത്രത്തിന്റെ തിരക്കഥ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും രണ്ടുപേരും അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സംവിധായകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ജവാൻ ചിത്രത്തിലെ 'സിന്ദാ ബന്ദ' ഗാനത്തിന്റെ ചിത്രീകരണം ചെന്നൈയിൽ വെച്ചയിരുന്നു നടന്നത്. ഈ സമയത്ത് വിജയ് അണ്ണനും ഷാറൂഖ് സാറും നേരിൽ കണ്ടു. പിന്നീട് എന്റെ പിറന്നാൾ പാർട്ടിക്കും രണ്ടുപേരും ഉണ്ടായിരുന്നു. അവിടെവെച്ച് ഇരുവരും പരസ്പരം സംസാരിച്ചതിന് ശേഷം എന്നെ വിളിച്ചു. എപ്പോഴെങ്കിലും രണ്ട് നായകന്മാരുള്ള ചിത്രം ചെയ്യുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ തയാറാണെന്ന് പറഞ്ഞു. ഇപ്പോൾ അതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് ഞാൻ. ചിലപ്പോൾ അതാകും എന്റെ അടുത്ത സിനിമ. അങ്ങനൊയൊരു തിരക്കഥക്ക് വേണ്ടി ഞാൻ പരിശ്രമിക്കും. കൂടാതെ ഒരു ഹോളിവുഡ് സ്റ്റുഡിയോയും സിനിമ ചെയ്യാനായി സമീപിച്ചിട്ടുണ്ട്'- ആറ്റ്‌ലി പറഞ്ഞു.
സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തിയത്. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഏകദേശം1, 148,32 കോടിയോളം ബോക്സോഫീസിൽ നിന്ന് നേടി. നയൻതാരയായിരുന്നു നായിക. വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത്, പ്രിയമണി, സന്യ മൽഹോത്ര, യോഗി ബാബു എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ജവാൻ നിർമിച്ചത്.
ആറ്റ്‌ലിയുടെ ജവാന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ തന്നെ ഷാറൂഖ്- വിജയ് ചിത്രത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു.

