
'ഇതിനേക്കാൾ വലിയ നന്മ കാണുന്നത് വരെ കൂടെയുണ്ടാകും'; ശ്രീനിവാസനും സിദ്ദീഖിനും പിന്നാലെ ലാലും ട്വന്റി 20യിൽ
text_fieldsകൊച്ചി: നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖിനും പിന്നാലെ നടനും സംവിധായകനുമായ ലാലും ട്വന്റി 20യിൽ ചേർന്നു. പാർട്ടിയിൽ അംഗത്വമെടുക്കുന്ന വിവരം വാർത്താസമ്മേളനത്തിനിടെ വിഡിയോ സന്ദേശത്തിലൂടെയാണ് ലാൽ പ്രഖ്യാപിച്ചത്. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി 20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.
ലാലിന്റെ മകളുടെ ഭർത്താവും സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനുമായ അലൻ ആന്റണിയും പാർട്ടിയിൽ ചേർന്നിട്ടുണ്ട്. അലൻ യൂത്ത് വിങ് പ്രസിഡന്റാകും.
കിഴക്കമ്പലം പഞ്ചായത്തിന്റെ വികസനവും ട്വന്റി20യുടെ പ്രവർത്തനവും കാണുേമ്പാൾ അതിനൊപ്പം നിൽക്കാതിരിക്കാൻ തനിക്കാവില്ലെന്ന് ലാൽ പറഞ്ഞു. 'സംവിധായകൻ സിദ്ദീഖും നടൻ ശ്രീനിവാസനും കൂടെയുണ്ട്.
ഈ പ്രസ്ഥാനത്തിനൊപ്പം താൽക്കാലികമായെങ്കിലും നിൽക്കാൻ ആഗ്രഹിക്കുന്നത് അതിന്റെ നന്മ കണ്ടിട്ടാണ്. ഇതിനേക്കാൾ വലിയൊരു നന്മ കാണുന്നത് വരെ പാർട്ടിയുടെ കൂടെയുണ്ടാകും' - ലാൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വന്റി20യിൽ ചേർന്നത്. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും പാർട്ടിയിൽ ചേർന്നിരുന്നു.
