'ദൈവത്തിന് നന്ദി, വലിയൊരു ദുരന്തത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു'; ടൈഗർ ഷറോഫിന്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കുടുംബം
text_fieldsമുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷറോഫിന്റെ വസതിക്ക് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ ഞെട്ടിക്കുന്ന വെടിവയ്പ്പിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ അമ്മ ആയിഷ ഷറോഫിന്റെ രംഗത്തെത്തി. അക്രമികളുടെ വെടിയുണ്ടകളിൽ നിന്ന് തന്റെ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്നും, വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും വ്യക്തമാക്കിയ അവർ, 'ദൈവത്തിന് നന്ദി, എല്ലാം വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു' എന്നാണ് പ്രതികരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഫുട്ബോൾ കളി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടൈഗർ ഷറോഫിന്റെ ബി.എം.ഡബ്ല്യു കാറിന് നേരെയാണ് ബൈക്കിലെത്തിയ സംഘം വെടിയുതിർത്തത്. അജ്ഞാതരായ അക്രമികൾ കാറിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലനാരിഴക്കാണ് ടൈഗർ ഷറോഫ് വെടിയേൽക്കാതെ രക്ഷപ്പെട്ടത്. എന്നാൽ ഈ ആക്രമണത്തിൽ നടന്റെ കാർ ഡ്രൈവറായ വ്യക്തിക്കും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മുംബൈ പൊലീസ് ശക്തമായ അന്വേഷണമാണു പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാനായി പ്രത്യേകമായി 15 ടീമുകളെയാണ് പൊലീസ് രംഗത്തിറക്കിയിട്ടുള്ളത്. ഇതിനിടയിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേര് പറഞ്ഞ് അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാന്താക്രൂസ് മേഖലയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
മകന് നേരിടേണ്ടി വന്ന ഈ അപ്രതീക്ഷിത വധശ്രമത്തിന് ശേഷം ടൈഗർ ഷറോഫും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലാണ് ഉള്ളത്. സംഭവവിവരങ്ങൾ അറിയാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരിട്ട് നടന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ടൈഗർ ഷറോഫുമായി ഫോണിൽ സംസാരിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചു. സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഒരേപോലെ ആശങ്കയോടെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്.

