ടൈഗർ ഷറോഫിന്റെ കാറിന് നേരെ ഉണ്ടായ വെടിവെപ്പ്; താരം സുരക്ഷിതനാണെന്ന് അറിയിച്ച് ജാക്കി ഷറോഫിന്റെ ടീം
text_fieldsമുംബൈ: ജുഹു മേഖലയിൽ ബോളിവുഡ് താരം ടൈഗർ ഷറോഫിന്റെ കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ഞായറാഴ്ച വൈകുന്നേരമാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. താരം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് നേർക്കാണ് മൂന്ന് റൗണ്ട് വെടിയുതിർത്തത്. എന്നാൽ ഈ ആക്രമണത്തിൽ ടൈഗർ ഷറോഫിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പൂർണമായും സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ പിതാവും നടനുമായ ജാക്കി ഷറോഫിന്റെ ഔദ്യോഗിക ടീം വ്യക്തമാക്കി.
സംഭവസമയത്ത് താരത്തിന്റെ കാറിന് സമീപമുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു വ്യക്തിയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുഷ്പ പാർക്കിന് സമീപമാണ് ഈ അതിക്രമം നടന്നത്. പ്രൈവറ്റ് ഇവന്റ് കഴിഞ്ഞ് മടങ്ങിവരവെയാണ് ടൈഗർ ഷറോഫിനെ ലക്ഷ്യമിട്ട് അക്രമികൾ എത്തിയത്. സംഭവത്തെ തുടർന്ന് മുംബൈ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 12 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം വിദേശത്തുള്ള ഗുണ്ടകളായ അനീഷ് പണ്ഡിറ്റും ഹർമൻ സന്ധുവും ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഈ അവകാശവാദം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുംബൈ സിനിമാ ലോകത്ത് വലിയ ആശങ്ക പരത്തിയിരിക്കുന്ന ഈ സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

