അതായിരുന്നു ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനം; 80ാം പിറന്നാളിൽ ദിലീപ് കുമാറിന്റെ ഓർമകളിൽ സൈറാ ബാനു
text_fieldsമുംബൈ: 80ാം പിറന്നാൾ ആഘോഷിക്കുകയാണ് മുതിർന്ന നടി സൈറാ ബാനു. ഇതിഹാസ നടനും ഭർത്താവുമായ ദിലീപ് കുമാറിൽ നിന്ന് ലഭിച്ച വില പിടിച്ച സമ്മാനത്തെ കുറിച്ച് പറയുകയാണ് നടി ഈയവസരത്തിൽ. ദിലീപ് കുമാറിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും സൈറ ബാനു പറയുന്നു. 'ജീവിതത്തിൽ എനിക്ക് ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വിലപിടിച്ചതും അതായിരുന്നു. ദിലീപ് കുമാറിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം. അതെന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.ആ വാക്കുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ബന്ധത്തിന് തുടക്കമിട്ടു.'-സൈറ ബാനു പറഞ്ഞു. തന്റെ വീട്ടിൽ നടന്ന അന്നത്തെ ആ മനോഹര സായാഹ്നത്തെ കുറിച്ചും അവർ വാചാലയായി.
''ദിലീപ് കുമാർ മെല്ലെ അടുത്തേക്ക് വന്നു എന്റെ കൈ കവർന്നുകൊണ്ട് പറഞ്ഞു. പ്രിയപ്പെട്ടവളെ നീ വളർന്ന് സുന്ദരിയായ പെൺകുട്ടിയായി.''എന്ന്. അപ്പോൾ എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ മനോഹരമായ പ്രണയകഥയുടെ തുടക്കമായിരുന്നു അതെന്ന്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയായിരുന്നു ഞാൻ. പിന്നീട് ജീവിത പങ്കാളിയായി. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളും അടുത്തുനിന്ന് നോക്കിക്കാണാൻ ഭാഗ്യം ലഭിച്ചു.
വളർന്നപ്പോൾ ജൻമദിനങ്ങൾ വളരെ സ്പെഷ്യലായിരുന്നു. അന്നത്തെ പിറന്നാളുകൾ ആഘോഷമാക്കിയ മുത്തശ്ശി ഷംഷാദ് വഹീദ് ഖാൻ, പ്രിയപ്പെട്ട അമ്മ പാരി ചെഹര നസീം ബാനുജി, വഴികാട്ടിയായ മുതിർന്ന സഹോദരൻ സുൽത്താൻ എന്നിവർക്ക് നന്ദി പറയുകയാണ്. അവരുടെ അനുഗ്രഹങ്ങളാണ് ഇന്ന് കാണുന്ന നിലയിലേക്ക് എന്നെ രൂപപ്പെടുത്തിയത്. അതിന് എക്കാലവും നന്ദിയുള്ളവളായിരിക്കും. -സൈറാ ബാനു തുടർന്നു.
1966 ആഗസ്റ്റ് 23ന് സൈറ ബാനുവിന്റെ ജൻമദിനവും പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങും ഒന്നിച്ചാഘോഷിച്ചു. ദിലിപ് കുമാറിന്റെ വീടിനടുത്തായിരുന്നു പുതിയ വീട് പണികഴിപ്പിച്ചത്. അന്ന് മദ്രാസിൽ നിന്ന് വിമാനത്തിലാണ് ചടങ്ങിൽ സംബന്ധിക്കാൻ ദിലീപ് കുമാർ എത്തിയത്. ഇത് തന്നെ അമ്പരപ്പിച്ചുവെന്നും നടി ഓർത്തെടുത്തു.
ഈ പിറന്നാൾ ദിനത്തിൽ എന്റെ കൈ പിടിക്കാനും എന്നെ നോക്കി പുഞ്ചിരിക്കാനും അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ ഓർമകൾ എപ്പോഴും കൂടെയുണ്ടല്ലോ...ആ ഓർമകൾ വിലപിടിച്ചതാണ്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവളാണ്. ഈ ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഓർമകൾ ഇൻസ്റ്റഗ്രാമിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നതിലൂടെ അവരുടെ ഓർമകൾ കൂടിയാണ് പുനർജീവിപ്പിക്കുന്നതെന്നും സൈറാ ബാനു കൂട്ടിച്ചേർത്തു.

