Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കൺട്രോൾ ഉദയ്, കൺട്രോൾ...’ ആ ശബ്ദം ഇനിയില്ല; നാനാ പടേക്കർ, നിങ്ങൾക്ക് മരണമില്ല...

text_fields
bookmark_border
Nana Patekar
cancel
camera_alt

നാനാ പടേക്കർ

ഒരു രംഗത്തെ മുഴുവൻ തന്റെ പ്രകടനം കൊണ്ടും സാന്നിധ്യം കൊണ്ടും നിറച്ചു നിർത്താൻ കഴിവുള്ള അപൂർവ്വനടന്മാരിലൊരാളാണ് നാനാ പടേക്കർ. 'വെൽക്കം' എന്ന ചിത്രത്തിലെ ഗുണ്ടാ കഥാപാത്രമായ ഉദയ് ഷെട്ടിയെ ഓർത്തുനോക്കൂ. തന്റെ ദേഷ്യത്തെയും ചുറ്റുമുള്ള കുഴപ്പങ്ങളെയും നിയന്ത്രിക്കാൻ അസാധ്യമായി ശ്രമിക്കുന്ന ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയത് ചിരിയുടെ വലിയൊരു കടലായിരുന്നു. പതിറ്റാണ്ടുകളായി നാനയുടെ പൊട്ടിത്തെറികൾ കണ്ടു ശീലിച്ചവർ, ആ രോഷത്തെ ഉള്ളിലൊതുക്കാൻ പാടുപെടുന്ന അയാളെ കണ്ട് അത്ഭുതത്തോടെ ആസ്വദിച്ചു.

നാന പടേക്കർ 75 വയസ്സിൽ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പടേക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.20ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

പ്രിയനടന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ഐക്കോണിക് ഡയലോഗുകളും വിഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇൻസ്റ്റാഗ്രാമും എക്സും ഫേസ്ബുക്കും. നാനാ പടേക്കറുടെ വിയോഗ വാർത്തയറിഞ്ഞ ആരാധകർ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് 'വെൽക്കം' എന്ന ഹിറ്റ് ചിത്രത്തിലെ ഉദയ് ഷെട്ടി എന്ന കഥാപാത്രത്തിന്റെ രംഗങ്ങളാണ്. ദേഷ്യം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ കൺട്രോൾ ഉദയ്, കൺട്രോൾ... എന്ന് അദ്ദേഹം സ്വയം പറയുന്ന രംഗം സോഷ്യൽ മീഡിയയിൽ ട്രോളുകളായും റീലുകളായും വീണ്ടും വൻതോതിൽ വൈറലാവുകയാണ്.

മുറിഞ്ഞു മുറിഞ്ഞു വീഴുന്ന വാക്കുകൾ, സംഭാഷണത്തിലെ പെട്ടെന്നുള്ള വേഗമാറ്റം... ഏതാനും സെക്കൻഡുകൾ ആ ശബ്ദം കേട്ടാൽ അത് നാനാ പടേക്കറാണെന്ന് തിരിച്ചറിയാത്ത ചലച്ചിത്രപ്രേമികളില്ല. ഹിന്ദി സിനിമയുടെ ദൈനംദിന ഭാഷയിലെ തന്നെ ഏറ്റവും തിരിച്ചറിയാവുന്ന ഒരു താളമായിരുന്നു നാനാ.

എന്നാൽ, ആ ഗാംഭീര്യമുള്ള ശബ്ദം അദ്ദേഹത്തിലെ കലാകാരന്റെ ഒരു ഭാഗം മാത്രമായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ 'ഖാമോഷി: ദി മ്യൂസിക്കൽ' എന്ന ചിത്രത്തിൽ കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരു അച്ഛനായി നാനാ പരകായപ്രവേശം നടത്തി. തീപ്പൊരി പ്രസംഗങ്ങൾക്ക് പേരു കേട്ട നടൻ, ആ ചിത്രത്തിലൂടെ പ്രേക്ഷകരെ തന്റെ കൈകളിലേക്കും മുഖഭാവങ്ങളിലേക്കും മാത്രം നോക്കാൻ പ്രേരിപ്പിച്ചു. ശബ്ദമില്ലാതെ തന്നെ ഒരു രംഗത്തെ പൂർണ്ണമായി ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഖാമോഷി: ദി മ്യൂസിക്കൽ

പോസ്റ്ററുകൾ വരച്ച ബാല്യം

വെള്ളിത്തിരയിലെ വലിയ പോസ്റ്ററുകളിൽ നിറയുന്നതിന് മുൻപ്, പോസ്റ്ററുകൾ നിർമിക്കുന്ന ജോലിയായിരുന്നു നാനാക്ക്. 1951 ജനുവരി 1ന് മഹാരാഷ്ട്രയിലെ മുരുദ്-ജഞ്ജിറയിൽ വിശ്വനാഥ് പടേക്കർ ആയി ജനിച്ച അദ്ദേഹം മുംബൈയിൽ നിന്നാണ് ചിത്രകല പഠിച്ചത്. സിനിമാ പോസ്റ്ററുകൾ വരക്കലും പിന്നീട് കൊമേഴ്സ്യൽ ആർട്ടിസ്റ്റായുള്ള ജോലിയുമായിരുന്നു ആദ്യകാല ഉപജീവനമാർഗ്ഗം. എന്നാൽ നാടകത്തോടുള്ള തീവ്രമായ പ്രണയം ഒടുവിൽ അദ്ദേഹത്തെ ആ സ്ഥിരജോലിയുടെ സുരക്ഷിതത്വത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിച്ചു.

ആ ആദ്യകാല അധ്വാനങ്ങൾക്ക് പിന്നിൽ വലിയൊരു വറുതിയുടെ കഥയുണ്ടായിരുന്നു. അച്ഛന്റെ ബിസിനസ്സ് തകർന്നതോടെ 13-ാം വയസ്സിൽ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം ജോലിക്ക് ഇറങ്ങി. മാസം 35 രൂപക്കും ഒരു നേരത്തെ ഭക്ഷണത്തിനും വേണ്ടിയായിരുന്നു ആ കഠിനാധ്വാനം.

13-ാം വയസ്സിൽ ജോലി ചെയ്യാൻ തുടങ്ങിയതോടെ, ഞാൻ 30 വയസ് തികയും മുൻപേ ജീവിതത്തിൽ പ്രായപൂർത്തിയായവനായി മാറി എന്ന് നാനാ പടേക്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

വിശപ്പടക്കാൻ സുഹൃത്തുക്കളുടെ വീടുകളിൽ ചെന്ന് ഭക്ഷണത്തിനായി കാത്തിരുന്ന ബാല്യത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. "എന്നെ സംബന്ധിച്ചിടത്തോളം ഒരു ചൂടുള്ള ചപ്പാത്തിയുടെ മണത്തേക്കാൾ നല്ല സുഗന്ധം വേറെയൊന്നുമില്ല" എന്ന് നാനാ പറഞ്ഞത് അഭിനയത്തിലെ കയ്യടികൾക്കുമപ്പുറം വിശപ്പടക്കാനുള്ള ഉറപ്പായിരുന്നു ജീവിതത്തിൽ ഏറ്റവും വലുതെന്ന തിരിച്ചറിവുകൊണ്ടാണ്.

സിനിമ കാത്തുവെച്ച സിംഹാസനം

നടി സ്മിത പാട്ടീലാണ് അദ്ദേഹത്തെ സിനിമയിലേക്ക് പ്രോത്സാഹിപ്പിച്ചത്. 1978ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും സ്മിതയായിരുന്നു. നാടകത്തിൽ സന്തുഷ്ടനായിരുന്ന നാനാക്ക് സിനിമയിൽ തനിക്ക് ഒരിടം ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ സിനിമ അദ്ദേഹത്തിനായി ഒരു പ്രത്യേക സിംഹാസനം തന്നെ കാത്തുവെച്ചു.

മീരാ നായരുടെ 'സലാം ബോംബെ'യിലെ ബാബ എന്ന കഥാപാത്രത്തിന് ശേഷം, 1990ൽ പുറത്തിറങ്ങിയ 'പരിന്ദ' എന്ന ക്രൈം ത്രില്ലറാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. ഇതിലെ 'അണ്ണ' എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ഫിലിംഫെയർ അവാർഡും ലഭിച്ചു. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റതിനെ തുടർന്ന് ഒരു വർഷത്തോളമാണ് അദ്ദേഹത്തിന് അഭിനയത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്.

തുടർന്ന് വന്ന 'തിരംഗ', 'ക്രാന്തിവീർ' എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ ജനപ്രിയ സിനിമകളുടെ കേന്ദ്രബിന്ദുവാക്കി. 'ക്രാന്തിവീറി'ൽ മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്നതിനെതിരെ അദ്ദേഹം നടത്തുന്ന പ്രസംഗ രംഗം ഹിന്ദി സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച രംഗങ്ങളിലൊന്നാണ്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും, പിന്നീട് 'അഗ്നി സാക്ഷി'യിലൂടെ മറ്റൊരു ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി. 2013-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

കർഷകരുടെ കണ്ണീരൊപ്പിയ നാനാ

സിനിമക്കപ്പുറം വലിയൊരു സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു നാനാ പടേക്കർ. മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലെ കർഷകരുടെ കണ്ണീരൊപ്പാൻ അദ്ദേഹം മുൻകൈയെടുത്തു. 'നാം ഫൗണ്ടേഷൻ' എന്ന സംഘടനയിലൂടെ ആയിരക്കണക്കിന് ദുരിതബാധിതരായ കർഷക കുടുംബങ്ങൾക്ക് അദ്ദേഹം സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ എത്തിച്ചു നൽകി. പട്ടിണി കിടക്കുന്ന കർഷകർക്കായി സ്വന്തം സമ്പാദ്യം പങ്കുവെച്ച ആ വലിയ മനസ്സ് മറാഠി മണ്ണിൽ എന്നും സ്മരിക്കപ്പെടും. പ്രേക്ഷകരെ ആവേശഭരിതരാക്കിയ വികാരതീവ്രമായ കഥാപാത്രങ്ങളിലൂടെയും, ജീവിതത്തിൽ കാണിച്ച കാരുണ്യത്തിലൂടെയും നാനാ പടേക്കർ എന്നും ഇന്ത്യൻ സിനിമയുടെയും ജനങ്ങളുടെയും ഹൃദയങ്ങളിൽ ജീവിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Remembering Nana Patekar
Next Story